ശ്വാസതടസം അനുഭവിച്ച് ഡല്‍ഹി നഗരവാസികള്‍; ഉത്തരവാദിത്വത്തില്‍ നിന്ന് കൈയൊഴിഞ്ഞ് കേന്ദ്രം

പൊടിപടലങ്ങളും പുകയും കലര്‍ന്ന വായു ഡല്‍ഹി നഗരത്തെ മൂടിയിരിക്കുകയാണ്. വായു ഗുണനിലവാര സൂചിക (AQI) തലസ്ഥാനനഗരത്തിലെ അന്തരീക്ഷം ‘വളരെ ശോചനീയം’ (Very Poor) എന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. ഹരിയാന അടക്കമുള്ള അയല്‍പ്രദേശങ്ങളില്‍ വലിയ കാര്‍ഷികമേഖലകളില്‍ അടുത്ത വിളയ്ക്ക് നിലമൊരുക്കുന്നതിന്റെ ഭാഗമായി കാര്‍ഷികാവശിഷ്ടങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതാണ് പുകപടലങ്ങളും പൊടിയും വര്‍ധിക്കാന്‍ കാരണം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ വാദത്തോട് യോജിക്കുന്നില്ല. സഫര്‍ അഥവാ വെതര്‍ ഫോര്‍കാസ്റ്റിങ് ആന്‍ഡ് റിസര്‍ച്ച് (SAFAR) എന്ന കേന്ദ്ര ഏജന്‍സി പറയുന്നത് അയല്‍മേഖലകളില്‍ നിന്നുള്ള പുക-പൊടി പടലങ്ങള്‍ വെറും 10 ശതമാനമേ ആകുന്നുള്ളൂ എന്നും ബാക്കിയുള്ള മലിനീകരണത്തിന് ഉത്തരവാദിത്വം നഗരത്തിനു തന്നെയാണെന്നുമാണ്. ഇതിനെ ശക്തമായി എതിര്‍ത്തുകൊണ്ട് അര്‍വിന്ദ് കെജ്രിവാള്‍ പ്രതികരിക്കുകയുണ്ടായി. പരസ്പരം പഴി ചാരാനുള്ള അവസരമല്ല ഇതെന്നും ഡല്‍ഹിയില്‍ അകത്തു നിന്നുള്ളതും പുറത്തു നിന്നുള്ളതുമായ പുക-പൊടിപടലങ്ങള്‍ പ്രതിസന്ധിക്ക് കാരണമാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, എല്ലാറ്റിന്റെയും കാരണമായി ഡല്‍ഹിയിലെ ജനങ്ങളുടെ നേര്‍ക്ക് മാത്രം വിരല്‍ചൂണ്ടുന്നത് അംഗീകരിക്കാനാകില്ലെന്നും കെജ്രിവാള്‍ വാദിക്കുന്നു.

ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തിയിരിക്കുന്ന പോയിന്റ് 304 ആണ്. നഗരത്തില്‍ പലയിടങ്ങളിലും കാഴ്ച വരെ തടസ്സപ്പെട്ടിരിക്കുകയാണ്. നഗരവാസികള്‍ പ്രഭാത നടത്തം അടക്കമുള്ള പ്രവൃത്തികള്‍ ഉപേക്ഷിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വായു ഗുണനിലവാര സൂചിക 0 മുതല്‍ 50 വരെയാണെങ്കില്‍ ‘ഗുഡ്’ എന്നാണ് രേഖപ്പെടുത്തുക. 51 മുതല്‍ 100 വരെയാണെങ്കില്‍ അത് തൃപ്തികരം എന്ന് രേഖപ്പെടുത്തുന്നു. 101 മുതല്‍ 200 വരെയാണ് സൂചിക രേഖപ്പെടുത്തുന്നതെങ്കില്‍ അത് ‘തരക്കേടില്ല’ എന്നാണര്‍ത്ഥം. 201 മുതല്‍ 300 വരെയാണ് സൂചികയെങ്കില്‍ ‘ശോചനീയം’ എന്ന് കണക്കാക്കുന്നു. 301 മുതല്‍ 400 വരെ ‘വളരെ ശോചനീയം’ എന്നും അവിടെ നിന്നങ്ങോട്ടുള്ളത് ‘ഗുരുതരം’ എന്നും രേഖപ്പെടുത്തുന്നു.

ഹരിയാനയിലും ഉത്തര്‍പ്രദേശിലും വലിയ തോതില്‍ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നുണ്ട്. ഇതോടൊപ്പം പ്ലാസ്റ്റിക്, റബര്‍ എന്നിവയും കത്തിക്കുന്നു. ഇതില്‍ ഡല്‍ഹിക്കും പങ്കുണ്ട്. വായുമലിനീകരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ രാജ്യത്ത് സംവിധാനങ്ങളില്ലെന്നും ഇപ്പോള്‍ കേന്ദ്ര ഏജന്‍സി നടത്തിയിരിക്കുന്ന വിലയിരുത്തല്‍ വെറും ഊഹത്തിന്റെ അടിസ്ഥാനത്തിലാണെന്നുമാണ് കെജ്രിവാളിന്റെ പ്രസ്താവനയിലെ സൂചന. സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ കടുത്ത മാനദണ്ഡങ്ങള്‍ കൊണ്ടുവന്ന് മലിനീകരണത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഡല്‍ഹിയിലും പരിസരത്തും ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് സര്‍ക്കാര്‍ നിരോധിച്ചു. ആശുപത്രികള്‍, മെട്രോ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ നിരോധനമില്ല.

നഗരത്തിലെ താമസക്കാര്‍ക്ക് കടുത്ത ശ്വാസകോശ രോഗങ്ങളും മറ്റും സമ്മാനിക്കുന്നതാണ് വര്‍ഷങ്ങളായി തുടരുന്ന അന്തരീക്ഷ മലിനീകരണം. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ മലിനീകരണം വലിയ തോതില്‍ കൂടിയിട്ടുള്ളതായി നഗരവാസികള്‍ പറയുന്നു. മിക്കവരും ആന്റി പൊല്യൂഷന്‍ മാസ്‌ക് ധരിച്ചാണ് പുറത്തിറങ്ങുന്നത്. പലര്‍ക്കും ശ്വാസമെടുക്കാന്‍ പോലും കഴിയാത്തത്ര ആരോഗ്യ പ്രതിസന്ധികളുണ്ടാകുന്നുണ്ട്. ഇത്തരം പരാതികള്‍ സോഷ്യല്‍ മീഡിയയിലടക്കം വലിയ തോതില്‍ ഉയര്‍ത്തപ്പെടുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: