ഹിന്ദു പാകിസ്ഥാന്‍ പ്രയോഗം: ശശി തരൂരിനെതിരെ അറസ്റ്റ് വാറന്റ്

തിരുവനന്തപുരം : കോണ്‍ഗ്രസ് എംപി ശശി തരൂരിന് അറസ്റ്റ് വാറന്റ്. കൊല്‍ക്കത്തയിലെ ഒരു കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. അഡ്വ. സുമീത് ചൗധരി എന്നയാളുടെ ഹര്‍ജിയിന്മേലാണ് നടപടി. 2019 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയം ആവര്‍ത്തിച്ചാല്‍ അവര്‍ ഇന്ത്യയെ ഹിന്ദു പാകിസ്താനാക്കുമെന്ന് തരൂര്‍ തിരുവനന്തപുരത്ത് നടന്ന ഒരു പൊതുപരിപാടിയില്‍ പറഞ്ഞിരുന്നു.

”വീണ്ടും അധികാരത്തിലെത്തിയാല്‍ ബിജെപി പുതിയ ഭരണഘടനയുണ്ടാക്കും. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ചവിട്ടിയരക്കും. ഇന്ത്യയെ ഹിന്ദു പാകിസ്താന്‍ ആക്കി മാറ്റും. മഹാത്മാഗാന്ധിയും നെഹ്‌റുവും പട്ടേലും ഇതിനുവേണ്ടിയല്ല പോരാടിയത്,” എന്നായിരുന്നു പ്രസ്താവന. ഈ പ്രസ്താവനയിന്മേല്‍ മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ രംഗത്തു വന്നെങ്കിലും തരൂര്‍ വഴങ്ങുകയുണ്ടായില്ല.

അവര്‍ ഹിന്ദു രാഷ്ട്രമെന്ന ആദര്‍ശത്തിന്റെ സംരക്ഷകരായിരിക്കുന്നിടത്തോളം താന്‍ എന്തിനാണ് മാപ്പു പറയുന്നതെന്ന് തരൂര്‍ തിരിച്ചടിച്ചു. ജൂലൈ മാസത്തില്‍ തിരുവനന്തപുരത്ത് നടന്ന പരിപാടിയിലാണ് തരൂര്‍ ഈ പ്രസ്താവന നടത്തിയത്. ശശി തരൂര്‍ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവില്‍ കേരളത്തില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് അദ്ദേഹം.

Share this news

Leave a Reply

%d bloggers like this: