വാട്ടര്‍ ഫോര്‍ഡ് ആശുപത്രിയില്‍ സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തണമെന്ന് സിന്‍ഫിന്‍ : ആശുപത്രിയിലെ മോര്‍ച്ചറിയെ കുറിച്ചുള്ള അഭിപ്രായ പ്രകടനത്തില്‍ മലക്കം മറിഞ്ഞു ലിയോ വരേദ്കര്‍

വാട്ടര്‍ഫോര്‍ഡ് : വാട്ടര്‍ഫോര്‍ഡ് ആശുപത്രിയില്‍ മോര്‍ച്ചറി സംവിധാനത്തെ കുറിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നു പരാമര്‍ശം നടത്തിയ മന്ത്രി ലിയോ വരേദ്കര്‍ ഈ അഭിപ്രായത്തില്‍ മലക്കം മറിയുന്നു. ഇതേക്കുറിച്ചു പൊതുജനങ്ങളില്‍ നിന്നും ഇതുവരെ പരാതി ലഭിച്ചില്ലെന്ന് വാട്ടര്‍ഫോര്‍ഡ് ആശുപത്രി കഴിഞ്ഞ ദിവസം പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി ആശുപത്രി നിലപാടിനെ അനുകൂലിച്ചു കൊണ്ട് കഴിഞ്ഞ ദിവസം വാട്ടര്‍ഫോര്‍ഡില്‍ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ മോര്‍ച്ചറി വാര്‍ത്തകളെ കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

എന്നാല്‍ വരേദ്കറിന്റെ പ്രസ്താവനയില്‍ അതൃപ്തി രേഖപ്പെടുത്തി ജനപ്രതിനിധികളും രാജ്യത്തെ മുതിര്‍ന്ന ആരോഗ്യവിദഗ്ദരും രംഗത്തെത്തി. മുന്‍ സെനറ്ററും. മുതിര്‍ന്ന കോണ്‍സള്‍ട്ടന്റുമായിരുന്ന പ്രൊഫസര്‍ ജോണ്‍ ക്രൗണ്‍ നടത്തിയ തുറന്നു പറച്ചില്‍ പുറത്തുവന്നതോടെ തനിക്ക് അബദ്ധം പിണഞ്ഞത് വരേദ്കര്‍ മനസിലാക്കിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നത്.

ആശുപത്രിയിലെ ശോചനീയാവസ്ഥ നേരിട്ട് മനസിലാക്കിയ താന്‍ ഇതേ കുറച്ചു മുന്‍ കാലങ്ങളിലും ആരോഗ്യവകുപ്പിന് റിപ്പോട്ടുകള്‍ സമര്‍പ്പിച്ചതായി ക്രൗണ്‍ വ്യക്തമാക്കി. വാട്ടര്‍ഫോര്‍ഡ് ആശുപത്രിയില്‍ മോര്‍ച്ചറി സംവിധാനത്തില്‍ വന്നിട്ടുള്ള തകരാറുകള്‍ വസ്തുത വിരുദ്ധമാണെന്ന് പറഞ്ഞ മന്ത്രി വരേദ്കര്‍ പാത്തോളജിസ്റ്റുമാരോട് ക്ഷമ പറയണമെന്നും ക്രൗണ്‍ ട്വീറ്റ് ചെയ്തു. ഇന്നലെ വെസ്റ്റ് മീത്തില്‍ സംസാരിക്കവെ മോര്‍ച്ചറി വിഷയത്തില്‍ തന്റെ ഭാഷ കടുത്തുപോയെങ്കില്‍ താന്‍ പശ്ചാത്തപിക്കുന്നു എന്നാണ് വരേദ്കര്‍ പറഞ്ഞത്.

ആരോഗ്യ മന്ത്രി മോര്‍ച്ചറി സംവിധാനത്തില്‍ അപാകതയുണ്ടെന്ന നിലപാട് സ്വീകരിച്ചതോടെ ഈ വിഷയത്തില്‍ വരേദ്കര്‍ ഒറ്റപ്പെടുകയും ചെയ്തു. വാട്ടര്‍ ഫോര്‍ഡ് ആശുപത്രിയിലെ മോര്‍ച്ചറി സംവിധാനത്തെ കുറിച്ച് സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ടു സിന്‍ഫിന്‍ രംഗത്തെത്തി.

ആശുപത്രിയിലെ മോര്‍ച്ചറി സംവിധാനത്തിലെ തകരാറു മൂലം ശവശരീരങ്ങള്‍ ട്രോളിയില്‍ കിടന്നു ജീര്‍ണിച്ച് ശരീരദ്രവങ്ങള്‍ തറയിലൂടെ ഒഴുകി ഇവിടെ ദുര്‍ഗന്ധം വമിക്കുകയാണെന്നു കാണിച്ചു നാല് പാത്തോളജിസ്റ്റുമാര്‍ എച്. എസ് .സി യില്‍ സമര്‍പ്പിച്ച പരാതിയാണ് പുറത്തായത്. ശവശരീരങ്ങള്‍ ജീര്‍ണാവസ്ഥയില്‍ ഏറ്റുവാങ്ങുന്ന കുടുംബങ്ങള്‍ക്ക് ശവസംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ കഴിയാതെ വരുന്നെനും കാണിച്ചാണ് പരാതി നല്‍കിയിരുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: