ഐറിഷ് ബാക്ക്സ്റ്റോപ്പ് ഒരു വര്‍ഷത്തേക്ക് ചുരുക്കണമെന്ന തെരേസ മേയുടെ ആവശ്യം നിരസിച്ച് യൂറോപ്യന്‍ കൗണ്‍സില്‍

ബ്രെക്സിറ്റ് ഉടമ്പടിയില്‍ രാജ്യത്തേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഇളവുകള്‍ക്കായി യൂറോപ്യന്‍ യൂണിയനെ സമീപിച്ച തെരേസ മേയ്ക്ക് അവിടെയും തിരിച്ചടി. ഉടമ്പടിയില്‍ നിര്‍ദേശിച്ചിരിക്കുന്ന ബാക്ക്സ്റ്റോപ്പ് ഒരു വര്‍ഷമായി ചുരുക്കണമെന്ന മേയുടെ അപേക്ഷ യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് തള്ളി. വിവാദ ഉടമ്പടിയില്‍ ഇളവുകള്‍ അനുവദിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി മേയ് പല തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഉടമ്പടിയില്‍ കോമണ്‍സ് അംഗീകാരം നേടിയതിനു ശേഷം ബ്രസല്‍സിലേക്ക് തിരികെയെത്താമെന്നായിരുന്നു മേയ് നേരത്തേ അറിയിച്ചിരുന്നത്. പക്ഷേ കോമണ്‍സില്‍ വിധി മറിച്ചായിരുന്നു.

ഐറിഷ് ബാക്ക്സ്റ്റോപ്പില്‍ ഇളവ് വേണമെന്നാണ് ഈ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ യൂണിയനോട് മേയ് പ്രധാനമായും ആവശ്യപ്പെട്ടത്. അയര്‍ലന്‍ഡുമായുണ്ടാകാനിടയുള്ള വ്യാപാര ബന്ധത്തിലെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ഈ വ്യവസ്ഥ ബ്രെക്സിറ്റിന്റെ അന്തസത്ത തന്നെ ഇല്ലാതാക്കുന്നതാണെന്നായിരുന്നു ബ്രെക്സിറ്റ് അനുകൂലികള്‍ പറഞ്ഞിരുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നു പോലും മേയ്ക്ക് എതിരെ നീക്കമുണ്ടായത് ഈ വ്യവസ്ഥയുടെ പേരിലാണ്. ബ്രിട്ടനെ കസ്റ്റംസ് യൂണിയനില്‍ നിലനിര്‍ത്താനേ ബാക്ക്സ്റ്റോപ്പ് വ്യവസ്ഥ ഉപകരിക്കൂ എന്ന് എംപിമാര്‍ പറയുന്നു.

ഇത് ഒരു വര്‍ഷമാക്കി ചുരുക്കണമെന്നായിരുന്നു ടസ്‌കിനോട് മേയ് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം അദ്ദേഹം നിരസിച്ചു. എന്നാല്‍ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോദ് ജങ്കര്‍ക്കു മുന്നില്‍ മേയ് ഈ ആവശ്യം ഉന്നയിച്ചിട്ടില്ലെന്നാണ് നയതന്ത്ര വൃത്തങ്ങള്‍ നല്‍കുന്ന സൂചന. യൂറോപ്യന്‍ പര്യടനത്തിനിടയിലാണ് ബ്രസല്‍സിലെത്തി നേതാക്കളുമായി മേയ് കൂടിക്കാഴ്ച നടത്തിയത്. ഉടമ്പടിയില്‍ ഇളവുകള്‍ക്കായി യൂറോപ്യന്‍ രാജ്യങ്ങളുടെ നേതാക്കളെ കാണാനാണ് പര്യടനം. ജര്‍മനി, ഹോളണ്ട് എന്നീ രാജ്യങ്ങല്‍ും മേയ് സന്ദര്‍ശനം നടത്തും.

 

 

എ എം

Share this news

Leave a Reply

%d bloggers like this: