ബ്രക്സിറ്റ് ഡീലിന്റെ ഭാവി നാളെയറിയാം, തെരേസ മേയ്ക്ക് അഗ്‌നി പരീക്ഷ

ബ്രിട്ടന്റെ രാഷ്ട്രീയ ഭാവിയില്‍ നിര്‍ണായക ദിനമാണ് നാളെ. പ്രധാനമന്ത്രി തെരേസ മേയുടെ ബ്രക്സിറ്റ് ഡീലിന്റെ വിധി ചൊവ്വാഴ്ചയറിയാം. മന്ത്രിമാരുടെ കൂട്ടരാജിയും എംപിമാരുടെ സമ്മര്‍ദ്ദവും അതിജീവിച്ചു ഡീല്‍ പാര്‍ലമെന്റില്‍ പാസാക്കാനായാല്‍ അത് തെരേസ മേയുടെ കരുത്തു കൂട്ടും. മറിച്ചായാല്‍ തെരേസ മേയുടെ രാജിയിലേയ്ക്കുവരെ അത് നീളാം. കരാറിലല്ലാതെ പുറത്തുപോവുകയോ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയോ ആണ് പിന്നെ മുന്നിലുള്ള പോംവഴി.

എംപിമാരുമായി അവസാനവട്ട കൂടിക്കാഴ്ചകള്‍ നടത്തുകയാണ് മേ. കരാര്‍ വോട്ടിനിട്ട് തള്ളിയാല്‍ രാജ്യത്തെ ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ പ്രധാനമന്ത്രിയാകും എന്ന ഭീഷണിയാണ് തന്റെ പാര്‍ട്ടിക്കാരെ അനുസരിപ്പിക്കാന്‍ മേ ഉപയോഗിക്കുന്ന ആയുധം. ഇതോടെ ബ്രിട്ടന്‍ എന്നെന്നും ഇയുവില്‍ കുടുങ്ങുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. നൂറോളം ടോറി എംപിമാരാണ് കരാറിനെ വീഴ്ത്താന്‍ അരയും തലയും മുറുക്കി നില്‍ക്കുന്നത്. കരാര്‍ തള്ളിയാല്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നാണ് കരുതുന്നത്.

അതിനിടെ പ്രതിരോധ സെക്രട്ടറി ഗാവിന്‍ വില്ല്യംസണിന്റെ രാജിയും മേയുടെ നില പരുങ്ങലിലാക്കി. മേയുടെ ക്യാബിനറ്റില്‍ നിന്നും അടുത്തിടെ പുറത്തുപോകുന്ന എട്ടാമത്തെ മന്ത്രിയാണ് ഗാവിന്‍. ബ്രക്സിറ്റില്‍ വീണ്ടും ജനവിധി തേടണം എന്ന നിലയിലേയ്ക്ക് എംപിമാരും എത്തിക്കൊണ്ടിരിക്കുകയാണ്. വോട്ടെടുപ്പില്‍ കണ്‍സര്‍വേറ്റീവ് റിബലുകളും ലേബറും ഡിയുപിയും ലിബറല്‍ ഡെമോക്രാറ്റുകളും തെരേസയുടെ ഡീലിനെ പരാജയപ്പെടുത്താണ് തീരുമാനിച്ചിരിക്കുന്നത്.

അതിനിടെ, ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് രാജ്യത്തെ ഭൂരിപക്ഷം ചിന്തിക്കുന്നുവെന്ന് പുതിയ സര്‍വേ വന്നിരുന്നു. ഇന്‍ഡിപ്പെന്‍ഡന്റ് ദിനപ്പത്രം നടത്തിയ സര്‍വേയില്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതിനെ 52 ശതമാനം പേര്‍ അനുകൂലിച്ചു. ഇന്‍ഡിപ്പെന്‍ഡന്റിനു വേണ്ടി ബിഎംജി റിസര്‍ച്ച് നടത്തിയ സര്‍വേയിലെ വിവരങ്ങള്‍ അനുസരിച്ച് സമ്മര്‍ മുതല്‍ യൂറോപ്പ് അനുകൂലികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ബ്രക്സിറ്റിന്റെ സങ്കീര്‍ണ്ണതയും യാഥാര്‍ത്ഥ്യവും വ്യക്തമായതോടെ മിക്കയാളുകളും അഭിപ്രായത്തില്‍ നിന്ന് മാറിയത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: