അമേരിക്കയിലെ തൊഴിലില്ലായ്മയില്‍ വന്‍ കുറവ്; സമ്പദ്ഘടനയും വളര്‍ച്ചയുടെ പാതയില്‍

വാഷിംഗ്ടണ്‍: അമേരിക്കയിലെ തൊഴിലില്ലായ്മ കഴിഞ്ഞ അരനൂറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിരിക്കുന്നു സെപ്റ്റംബറില്‍ 134,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെന്ന് തൊഴില്‍ മന്ത്രാലയം നല്‍കുന്ന കണക്കുകള്‍ പറയുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ കൂടുതലാണിത്. പ്രൊഫഷണല്‍, ബിസിനസ് സേവനങ്ങള്‍, ആരോഗ്യപരിരക്ഷ, നിര്‍മാണം തുടങ്ങിയ മേഖലകളില്‍ ഗണ്യമായ തൊഴിലവസരങ്ങള്‍ വര്‍ധിച്ചു.

മണിക്കൂറിലെ ശരാശരി വരുമാനം സെപ്റ്റംബറില്‍ 2.8% എന്ന വാര്‍ഷികനിരക്കില്‍ നിന്ന് ഉയര്‍ന്ന് 2.9% ആയി ഉയര്‍ന്നു. തൊട്ടു മുമ്പത്തെ രണ്ടു മാസങ്ങളിലെ, അതായത്, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ തൊഴിലധിഷ്ഠിത വിവരങ്ങളനുസരിച്ച്, ആദ്യം റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ പുതുതായി 87,000 തൊഴിലവസരങ്ങള്‍ കൂടി സൃഷ്ടിക്കപ്പെട്ടു. 2008 ലെ ആഗോള സാമ്പത്തികമാന്ദ്യത്തിനു ശേഷമുള്ള ലോകസാഹചര്യമെടുത്തു നോക്കിയാല്‍ 3.7 ശതമാനം തൊഴിലില്ലായ്മ നിരക്ക് തീര്‍ച്ചയായും ഒരു നേട്ടമാണെന്നു പറയേണ്ടി വരും. സാമ്പത്തികമാന്ദ്യത്തിന്റെ ആഘാതം പരിതാപകരമാക്കിയ അവസ്ഥയില്‍, തൊഴിലവസരങ്ങളില്‍ ഇരുപത് ദശലക്ഷം വര്‍ധനവുണ്ടായെന്നത് ശ്രദ്ധേയമാണ്.

ഉല്‍പ്പാദന മേഖലയിലെ തൊഴിലവസരങ്ങളില്‍ സെപ്റ്റംബറില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. 18,000 തൊഴിലവസരങ്ങളാണ് പോയമാസം ഈ രംഗത്തു കൂട്ടിച്ചേര്‍ക്കപ്പെട്ടത്. അങ്ങനെ ഈ വര്‍ഷം 278,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. പ്രൊഫഷണല്‍, ബിസിനസ് മേഖലകളിലെ തൊഴിലവസരങ്ങള്‍ കഴിഞ്ഞ മാസം 54,000 ആയി വര്‍ദ്ധിച്ചിട്ടുണ്ട്. ഈ വര്‍ഷം ഈ മേഖലകളിലുണ്ടായ ആകെ വര്‍ധന 560,000 ആണ്. ആരോഗ്യപരിപാലന മേഖലയില്‍ സെപ്റ്റംബര്‍ മാസത്തില്‍ 26,000 ജീവനക്കാരുടെ വര്‍ധനയും ഉണ്ടായിരിക്കുന്നു. ഇതടക്കം ആരോഗ്യമേഖലയില്‍ ഈ വര്‍ഷം ഉണ്ടായിരിക്കുന്ന തൊഴിലവസരങ്ങള്‍ 302,000ലേക്ക് ഉയര്‍ന്നിരിക്കുന്നു.

2007-09-ലെ ആഗോള മാന്ദ്യത്തില്‍ നിന്ന് ട്രംപിന്റെ വരവോടെയാണ് അമേരിക്കന്‍ സമ്പദ്ഘടന കരകയറാന്‍ തുടങ്ങിയത്. മാന്ദ്യത്തെ തുടര്‍ന്ന് അമേരിക്ക പിന്തുടര്‍ന്ന ഉത്തേജന പരിപാടികളും അയഞ്ഞ പണനയവും പൂജ്യത്തോട് അടുത്തു നിര്‍ത്തിയിരുന്ന പലിശനിരക്കുകളും അമേരിക്കന്‍ സമ്പദ്ഘടനയെ പുനഃപ്രാപ്തിയുടെ പാതയിലെത്തിച്ചു.

ട്രംപ് ആദായനികുതി നിരക്കില്‍ രണ്ട് ശതമാനം കുറവ് വരുത്തിയതും കമ്പനി നികുതി കുത്തനെ കുറച്ചതും സാമ്പത്തിക രംഗത്ത് ഉണര്‍വുണ്ടാക്കി. 2018-ല്‍ രണ്ടാം പാദത്തില്‍ അമേരിക്കയുടെ ജി.ഡി.പി. 4.1 ശതമാനം വളര്‍ച്ച കൈവരിച്ചതും പണപ്പെരുപ്പ നിരക്ക് രണ്ട് ശതമാനത്തില്‍ ഒതുക്കി നിര്‍ത്തിയതും തൊഴിലില്ലായ്മ നിരക്ക് 3.9 ശതമാനമായി കുറഞ്ഞതും സമ്പദ്ഘടന ശക്തിപ്രാപിക്കുന്നതിന്റെ ലക്ഷണമാണ്. ഇതുകണ്ട് അമേരിക്കന്‍ ‘ഫെഡറല്‍ റിസര്‍വ്’, ‘പണപ്രദാനം കുറച്ച് പണപ്പെരുപ്പം നിയന്ത്രിക്കുക’ എന്ന പണനയത്തിലേക്ക് മാറാന്‍ തുടങ്ങുകയും പണപ്പെരുപ്പ സാദ്ധ്യതകള്‍ കണക്കിലെടുത്ത് ഹ്രസ്വകാല പലിശനിരക്ക് കാല്‍ ശതമാനം വീതം കൂട്ടാന്‍ തീരുമാനിക്കുകയും ചെയ്തു.

നടപ്പുവര്‍ഷം മൂന്നുപ്രാവശ്യം പലിശനിരക്ക് കാല്‍ ശതമാനം കൂട്ടി. ഡിസംബറില്‍ ഒരുവട്ടം കൂടി കൂട്ടുന്നതിന് തീരുമാനിക്കുകയും ചെയ്തു. അമേരിക്ക പലിശനിരക്കുകള്‍ ഉയര്‍ത്താന്‍ തുടങ്ങിയതോടെ ആഗോള പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ വന്‍തോതില്‍ വികസ്വര നാടുകളില്‍ നിന്ന് നിക്ഷേപം പിന്‍വലിച്ച്, അമേരിക്കന്‍ ആസ്തികളില്‍ നിക്ഷേപിക്കാന്‍ തുടങ്ങി. ഇത് അമേരിക്കന്‍ ഡോളറിനെ കൂടുതല്‍ ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: