ചരിത്ര കൂടിക്കാഴ്ച്ച വിജയമെന്ന് ട്രംപും കിമ്മും; സമാധാന ഉടമ്പടിയില്‍ ഒപ്പിട്ടു

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ മേധാവി കിം ജോങ് ഉന്നും തമ്മില്‍ സിങ്കപ്പൂരില്‍ നടന്ന ഉച്ചകോടി വലിയ വിജയമായിരുന്നെന്ന് ഇരു നേതാക്കളും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. നാല് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്കൊടുവില്‍ ഇരു നേതാക്കളും സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചു.

ഉത്തര കൊറിയയുമായി പുതിയ ഒരു ബന്ധം തുടങ്ങാന്‍ കൂടിക്കാഴ്ച ഇടയാക്കിയെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഗുണപരമായ പുരോഗതിയുണ്ടായി. പ്രതീക്ഷിച്ചതിലും വളരെ വലിയ നേട്ടമാണ് കൂടിക്കാഴ്ചയിലൂടെ ഉണ്ടായത്. കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ സാഹചര്യങ്ങളില്‍ വലിയ മാറ്റമുണ്ടാകും. കിം ജോങ് ഉന്നിനെ അമേരിക്കയിലേക്ക് ക്ഷണിക്കുമെന്നും ട്രംപ് പറഞ്ഞു.

കഴിഞ്ഞ കാര്യങ്ങള്‍ കഴിഞ്ഞു, അമേരിക്കയുമായി പുതിയൊരു ബന്ധം സ്ഥാപിക്കാനായതില്‍ സന്തോഷമെന്ന് കിം പറഞ്ഞു. നിര്‍ണായക മാറ്റത്തിന് ലോകം സാക്ഷ്യംവഹിക്കുമെന്നും കിം വ്യക്തമാക്കി. ഇരുവരും ചേര്‍ന്ന് ഒപ്പിട്ട സമാധാന ഉടമ്പടിയുടെ വിശദാംശങ്ങള്‍ വ്യക്തമല്ല.

രാവിലെ  ആരംഭിച്ച കൂടിക്കാഴ്ച പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയം നീണ്ടു. ഇരു സംഘങ്ങളും ഒരു മേശയ്ക്ക് ഇരുപുറമിരുന്നാണ് ചര്‍ച്ച നടത്തിയത്. മുന്‍വിധികളില്ലാത്ത ചര്‍ച്ചയാണ് നടക്കുകയെന്നും കഴിഞ്ഞകാല സംഭവങ്ങള്‍ മൂലം കൂടിക്കാഴ്ചവരെ കാര്യങ്ങളെത്താന്‍ വളരെ പ്രയാസപ്പെട്ടെന്നും ചര്‍ച്ചയ്ക്കു മുന്‍പ് കിം പറഞ്ഞിരുന്നു. ചര്‍ച്ച വലിയ വിജയമാകുമെന്നും വലിയ ബന്ധമായി കൂടിക്കാഴ്ച മാറുമെന്നും ട്രംപും പ്രതികരിച്ചിരുന്നു.

ഇരു നേതാക്കളും അവരുടെ പരിഭാഷകരും മാത്രമുള്ള സ്വകാര്യ കൂടിക്കാഴ്ചയാണ് അദ്യം നടന്നത്. ഇത് 45 മിനിറ്റ് നീണ്ടുനിന്നു. പിന്നീടായിരുന്നു ഇരു നേതാക്കളുടെയും സംഘാംഗങ്ങള്‍ അടക്കമുള്ള ഔദ്യോഗിക കൂടിക്കാഴ്ച. മന്ത്രിമാരും ഉദ്യോഗസ്ഥരുമടങ്ങുന്ന നാലംഗ സംഘം ഇരു രാഷ്ട്രത്തലവന്‍മാരുടെയും കൂടെയുണ്ടായിരുന്നു.

ഡൊണാള്‍ഡ് ട്രംപിന്റെ സംഘത്തില്‍ വിദേശകാര്യ സെക്രട്ടറി പോംപെയോ, സെക്കന്‍ഡ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍, വൈറ്റ് ഹൗസ് ഓപ്പറേഷന്‍സ് മേധാവി ജോ ഹാഗിന്‍ എന്നിവരാണുണ്ടായിരുന്നത്. ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റീ യോഹ് ഹോ, കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി പ്രതിനിധി കിം യോങ് ചോള്‍, കിമ്മിന്റെ സഹോദരി കിം യോ ചോങ്, വിദേശകാര്യ സെക്രട്ടറി ചോ സോന്‍ ഹുയി എന്നിവരാണ് ഉന്നിന്റെ സംഘത്തിലുണ്ടായിരുന്നത്.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: