ഇറാനില്‍ 66 യാത്രക്കാരുമായി തകര്‍ന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൂചന

 

ഇറാനില്‍ 66 യാത്രക്കാരുമായി തകര്‍ന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മധ്യഇറാനിലെ ഇസ്വാഹന്‍ പ്രവിശ്യയിലെ ഡെന്‍സ്ലു നഗരത്തിനു സമീപമാണു വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്നാണു വിവരം. തണുത്ത കാലാവസ്ഥമൂലം തിങ്കളാഴ്ച ഉച്ചവരെ നീണ്ട തിരച്ചിലിനൊടുവിലാണു വിമാനാവശിഷ്ടങ്ങള്‍ കണ്ടെടുക്കാനായത്. എന്നാല്‍, വിമാനഭാഗങ്ങള്‍ കണ്ടെടുത്തെന്ന് ഉറപ്പായിട്ടില്ലെന്ന് ഇറാന്‍ ആഭ്യന്തര വ്യോമഗതാഗത വിഭാഗം അറിയിച്ചു.

പര്‍വത പ്രദേശത്തു തകര്‍ന്നു വീണതിനാല്‍ തിരച്ചിലിനു തടസ്സമുണ്ട്. ടെഹ്റാനില്‍നിന്ന് ഇറാനിലെ തന്നെ നഗരമായ യാസൂജിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. ഇസ്ഫഹാന്‍ പ്രവിശ്യയ്ക്കു തെക്കു ഭാഗത്ത് ഡീന പര്‍വത മേഖലയിലാണ് ആസിമന്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നത്. ഒരു കുട്ടിയുള്‍പ്പെടെ 60 യാത്രക്കാരും വിമാനത്തിലെ ആറു ജീവനക്കാരും മരിച്ചു. വിമാനത്തിന് 20 വര്‍ഷത്തിലേറെ പഴക്കമുണ്ട്. മൂടല്‍മഞ്ഞു നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു അപകടം.

പ്രാദേശിക സമയം രാവിലെ അഞ്ചിന് മെഹ്റാബാദ് വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന എടിആര്‍ 72 വിമാനം 50 മിനിറ്റ് കഴിഞ്ഞപ്പോള്‍ റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. പുല്‍മൈതാനിയില്‍ അടിയന്തര ലാന്‍ഡിങ്ങിനു ശ്രമിച്ചപ്പോഴാണു വിമാനം തകര്‍ന്നതെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. സെമിറോം നഗരത്തിനു സമീപത്ത് എവിടെയെങ്കിലുമാകും തകര്‍ന്നുവീണതെന്നായിരുന്നു ആദ്യ നിഗമനം. മൈനസ് 16 ഡിഗ്രി താപനിലയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്.

വിമാനഭാഗങ്ങള്‍ കണ്ടെത്തുന്നതിനായി യൂറോപ്യന്‍ രാഷ്ട്രങ്ങളുടെയും ചൈനയുടെയും സഹായം ഇറാന്‍ തേടിയിരുന്നു. ഫ്രാന്‍സിലെ എയര്‍ബസ് കമ്പനിയുടെയും ഇറ്റലിയിലെ ലിയനാര്‍ഡോ കമ്പനിയുടെയും സംയുക്ത സംരംഭമാണ് എടിആര്‍ കമ്പനി. ദശാബ്ദങ്ങളായി നിലനില്‍ക്കുന്ന ഉപരോധം മൂലം ഇറാനിലെ വിമാനങ്ങള്‍ക്കു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ആസിമാന്റെ മൂന്നു ബോയിങ് വിമാനങ്ങള്‍ക്ക് 38 വര്‍ഷമാണു പഴക്കം.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: