മാര്‍പ്പാപ്പയ്ക്ക് സമ്മാനമായി ലംബോര്‍ഗിനി; ലേലം ചെയ്ത് നിരാലംബരായ ഇറാഖി ജനതയ്ക്ക് പണം നല്‍കാനൊരുങ്ങി പോപ് ഫ്രാന്‍സിസ്

ഇറ്റാലിയന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ലംബോര്‍ഗിനി സമ്മാനമായി നല്‍കിയ സ്‌പെഷ്യല്‍ എഡിഷന്‍ ഹ്യുറാകാന്‍ സൂപ്പര്‍ കാര്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ലേലം ചെയ്യുന്നു. ഐ.എസ് ആക്രമണത്തില്‍ നിരാലംബരായ ഇറാഖി ജനതയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് കാര്‍ ലേലം ചെയ്യുക. വെള്ളയും സ്വര്‍ണവും കലര്‍ന്ന നിറത്തില്‍ പോപ്പിനുവേണ്ടി പ്രത്യേകമായി രൂപകല്‍പന ചെയ്ത ഈ ഹ്യുറാകാന് രണ്ട് കോടിയിലേറെ രൂപ വില വരും.

കഴിഞ്ഞ ദിവസം വത്തിക്കാനിലെ മാര്‍പാപ്പയുടെ വസതിക്ക് മുന്നില്‍ വച്ചാണ് ലംബോര്‍ഗിനി അധികൃതര്‍ കാര്‍ മാര്‍പാപ്പയ്ക്ക് സമ്മാനിച്ചത്. കാറിനെ ആശിര്‍വദിച്ചശേഷം ബോണറ്റില്‍ മാര്‍പാപ്പ തന്റെ കൈയൊപ്പ് രേഖപ്പെടുത്തുകയും ചെയ്തു. 2018 മേയിലാണ് ലേലം നടക്കുക. നേരത്തെയും സമ്മാനമായി ലഭിച്ച നിരവധി വാഹനങ്ങള്‍ മാര്‍പാപ്പ ഇതുപോലെ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ലേലം ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ പോപ്പിന് സമ്മാനം നല്‍കിക്കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞ ഇറ്റാലിയന്‍ കാര്‍നിര്‍മാതാക്കളായ ലംബോര്‍ഗിനി, കാര്‍ പ്രേമികളുടെ എക്കാലത്തേയും സ്വപ്‌ന വാഹനമാണ്. ഫെറാറി കാര്‍ കമ്പനിയുടെ ഉടമസ്ഥനായ എന്‍സോ ഫെറാറിയില്‍നിന്ന് നേരിട്ട അപമാനമാണ് ട്രാക്ടര്‍ നിര്‍മാതാവായ ഫെറൂച്ചിയോ ലംബോര്‍ഗിനി എന്ന മുന്‍ ഇറ്റാലിയന്‍ വ്യോമസേനാ മെക്കാനിക്കിനെ പുതിയ കാര്‍ കമ്പനി തുടങ്ങാന്‍ പ്രേരിപ്പിച്ചത്. പിന്നീട് ട്രാക്കുകളില്‍ ഫെറാറി ഭയക്കുന്ന എതിരാളിയാകാന്‍ ലംബോര്‍ഗിനിക്ക് കഴിഞ്ഞു. ആഢംബര എസ്‌യുവികളുടെ ആദ്യ രൂപം നിര്‍മിച്ചതും ലംബോര്‍ഗിനിയാണ്.

എ എം

Share this news

Leave a Reply

%d bloggers like this: