സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയം ഭരണഘടനാ വിരുദ്ധമാണെങ്കില്‍ നയം സുപ്രീംകോടതിക്ക് തന്നെ റദ്ദാക്കാമെന്ന് കേരളം

ന്യൂഡല്‍ഹി: സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയം ഭരണഘടനാ വിരുദ്ധമാണെങ്കില്‍ നയം സുപ്രീംകോടതിക്ക് തന്നെ റദ്ദാക്കാമെന്ന് കേരളം. മദ്യനയത്തിനെതിരെ ബാര്‍ ഹോട്ടല്‍ ഉടമകള്‍ നല്‍കിയ ഹര്‍ജിയിലെ അന്തിമ വാദത്തിനിടെയാണ് കേരളം ഇക്കാര്യം അറിയിച്ചത്. മദ്യനയം കൊണ്ടുവന്നത് ജനതാല്‍പര്യം കണക്കിലെടുത്താണെന്നും ഇതിലൂടെ മദ്യ ഉപഭോഗം കുറയുന്നില്ലെങ്കില്‍ സുപ്രീംകോടതിക്ക് നയം റദ്ദാക്കാവുന്നതാണെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. കേസില്‍ സര്‍ക്കാരിന്റേയും വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഹര്‍ജി വിധി പറയാനായി മാറ്റി.

ഹര്‍ജിയില്‍ബാറുടമകളുടെ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നടപടി വിവേചനപരമാണെന്നായിരുന്നു ബാറുടമകളുടെ വാദം. എന്നാല്‍, മദ്യ ഉപഭോഗം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബാറുകള്‍ പൂട്ടിയതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.

അതിനിടെ, ബാറുകള്‍ പൂട്ടിയതു കൊണ്ട് തൊഴില്‍ നഷ്ടപ്പെട്ടവരുടെ കാര്യത്തില്‍ സഹതപാമുണ്ടെന്ന് വാദത്തിനിടെ സുപ്രീംകോടതി പറഞ്ഞു. തൊഴില്‍ നഷ്ടം ഗുരുതരമായ പ്രശ്‌നമാണെന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് തൊഴിലാളികള്‍ക്ക് ഹൈക്കോടതിയെ സമീപിക്കാനുള്ള നിയമ സാദ്ധ്യതയുണ്ടെന്നും ജസ്റ്റിസ് വിക്രംജിത് സിംഗ് അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട വാദങ്ങള്‍ തിങ്കളാഴ്ചയ്ക്കകം രേഖാമൂലം നല്‍കാനും കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

Share this news

Leave a Reply

%d bloggers like this: