ഐറിഷ് ചരിത്രാതീത കാലത്തിന് ഒരാമുഖം…മധ്യശിലായുഗം

ഓരോ രാജ്യത്തിന്റെയും ചരിത്രമെന്നത് മനുഷ്യ വംശത്തിന്റെ തന്നെ കഥകൂടിയാണ്. മനുഷ്യ വംശത്തിന്റെ ചരിത്രമെന്ന് കുടിയേറ്റങ്ങളുടെ കൂടി കഥകളാണന്നതും അത്ഭുതകരമല്ല. ഏറ്റവും പുതിയ തെളിവുകള്‍വെച്ച് മനുഷ്യന്റെ ഉത്ഭവത്തിന് ആഫ്രിക്കവരെ കൊണ്ട് ചെന്നെത്തിക്കാവുന്നത്രയും ആഴ്ത്തിലുള്ള വേരുകളുമുണ്ട്. അവിടെ നിന്ന് തുടങ്ങുന്നു കുടിയേറ്റത്തിന്റെ കഥയെന്ന് പറയാം..പിന്നീട് അലച്ചിലുകള്‍സ്ഥിര താമസമായും ജീവിതമായും സംസ്‌കാരമായും മറ്റൊരു ഘട്ടത്തിലേയ്ക്ക് പ്രവേശിക്കുന്നു. എങ്ങനെയായാലും മുന്‍ഗാമികള്‍ അവശേഷിപ്പിച്ച് പോകുന്ന തെളിവുകളാകട്ടെ നമ്മെ സംബന്ധിച്ച് നമ്മുടെ തന്നെ പൂര്‍വീകതയിലേയ്ക്ക് ഇറങ്ങി ചെല്ലാനുള്ള പടികളുമാണ്.

അയര്‍ലണ്ടിന്റെ ചരിത്രാതീത കാലം തുടങ്ങുന്നത് മധ്യശിലായുഗത്തില്‍നിന്നാണെന്നാണ് ലഭ്യമായ തെളിവുകള്‍ പറയുന്നത്. പുരാവസ്തുശാസ്ത്ര സംബന്ധവും ജനിതകവുമായ തെളിവുകളും ഇതിനെ ശരിവെയ്ക്കുകയും ചെയ്യുന്നു. മധ്യശിലാ യുഗത്തില്‍ നിന്നുള്ള വേട്ടക്കാര്‍ ബിസി 8000ന് ശേഷം അയര്‍ലണ്ടില്‍ സ്ഥിരവാസമുറപ്പിക്കുകയായിരുന്നു. ചരിത്രാതീത കാലമാകട്ടെ എഡി 400വരെ രേഖപ്പെടുത്താതെ തുടരുകയും ചെയ്യുന്നുണ്ട്. മധ്യശിലായുഗം, നവീന ശിലായുഗം, ഓട് യുഗം, ഇരുമ്പ് യുഗം എന്നിവയെല്ലാം രേഖപ്പെടുത്തപ്പെടാതെയാണ് അയര്‍ലണ്ടിലൂടെ കടന്ന് പോയത്.

നിരവധി യൂറോപ്യന്‍രാജ്യങ്ങളില്‍ റോമന്‍ അധിനിവേശം ചരിത്രം രേഖപ്പെടുത്താന്‍ കാരണമായപ്പോള്‍ അയര്‍ലണ്ടില്‍ അത്തരമൊരു അധിനിവേശം സംഭവിച്ചില്ല. പിന്നെയും ഏറെ കഴിഞ്ഞ് ക്രിസ്തു മതത്തിന്റെ കടന്ന് വരവോടെയാണ് രേഖപ്പെടുത്തിയ ചരിത്രം തുടങ്ങുന്നത്. അവാസന ഹിമയുഗം അയര്‍ലണ്ടില്‍ പന്ത്രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രമാണ് അവസാനിക്കുന്നത്. വൈകിമാത്രം മനുഷ്യജീവിതം തുടങ്ങിയതിന്റെ കാരണങ്ങളിലൊന്നും ഇതുതന്നെയാകാം.

അറയിപ്പെടുന്ന ഏറ്റവും പഴയ ശവകുടീരങ്ങള്‍ ലിമെറിക് കൗണ്ടയില്‍ ഷാനോണ്‍നദിക്കരയിലുള്ള ഹെര്‍മിറ്റാഗിലാണ് (cremations at Hermitage) സ്ഥിതിചെയ്യുന്നത്. ഇതിനാകട്ടെ ബിസി 7530-7320 നും ഇടയിലാണ് പഴക്കം ഗണിച്ചിരിക്കുന്നത്. നദിക്കരിയിലൂടെയോ സമുദ്രതീരങ്ങളിലൂടെയോ ഉള്‍പ്രദേശങ്ങളിലേയ്ക്ക് കുടിയേറുകയായിരുന്നു ജനതയെന്നാണ് ഇത്തരം തെളിവുകള്‍ വെളിവാക്കുന്നത്. കൗണ്ടി ലണ്ടന്‍ഡെറിയിലെ മൗണ്ട് സാന്‍റല്‍ സെറ്റില്‍മെന്‍റ്,  ലോഫ് ബൂറാ എന്നിവിടങ്ങളിലും ആദ്യകാല മനുഷ്യജീവിതത്തിന്റെ കാല്‍പാടുകളുണ്ട്. ആദ്യകാല മധ്യശിലായുഗത്തിന്റെ അവശേഷിപ്പുകള്‍ കൗണ്ടി ഡൊണീഗല്‍ മുതല്‍ തെക്ക് കോര്‍ക്ക് വരെ വ്യാപിച്ച് കിടപ്പുണ്ട്. കടല്‍ നിരപ്പ് ഇപ്പോഴത്തേതിനേക്കാള്‍ കുറവായിരുന്നെങ്കിലും മനുഷ്യജീവിതം ആരംഭിക്കുമ്പോള്‍തന്നെ രാജ്യം ദ്വീപായിരുന്നുവെന്നാണ് അനുമാനിക്കുന്നത്. ബ്രിട്ടണില്‍നിന്നുള്ള കടിയേറ്റമാണ് ആദ്യകാലത്തേത്തെന്നാണ് കരുതുന്നത്. യൂറോപ്പില്‍നിന്നുള്ള കുടിയേറ്റമെന്ന നിലയില്‍ ഇതിനെ മാറ്റിവായിക്കാനും തുടങ്ങിയിട്ടുണ്ട്.

തീരപ്രദേശങ്ങളിലാണ് രാജ്യത്തെ ആദ്യകാല ജീവിതത്തിന്റെ പ്രകടമായ തെളിവുകളെന്നത് ശ്രദ്ധയമാണ്. സ്വാഭാവികമായും ഇവരുടെ ജീവിതം കടലുമായി കൂടുതല്‍ ബന്ധപ്പെട്ടിരിക്കണം.
ആഹാരമായിരുന്നത് കടല്‍മത്സ്യവും, പക്ഷികളും, കാട്ടുപന്നിയും,ഹെയ്‌സല്‍ കുരുക്കളുമാണ്. കലമാനുകളുമായി ഐറിഷ് ജനതക്ക് പരിചയമുണ്ടായിരുന്നതായി മധ്യശിലായുഗത്തില്‍ തെളിവൊന്നും ലഭ്യമല്ല. നവീന ശിലായുഗത്തിന്റെ ആദ്യഘട്ടത്തിലാണ് കലമാനുകളുമായി ഐറിഷ് ജനത പരിചിതരാകുന്നതെന്ന് വേണം വിശ്വസിക്കാന്‍. കുന്തം, അമ്പ്, ചാട്ടുളി, മൈക്രോലിത്ത് എന്ന് വിളിക്കുന്ന മൂര്‍ച്ചയേറി അരികുകളുള്ള കല്ലുകള്‍എന്നിവയായിരുന്നു ആയുധങ്ങള്‍. പഴങ്ങളും, കുരുക്കളും, ബെറിയും ഭക്ഷണത്തിന് ഉപയോഗിച്ചിരുന്നു. സ്ഥിരമായ താമസത്തേക്കാള്‍ കാലാനുസൃതമായി വാസസ്ഥലങ്ങള്‍മാറുക എന്നത് പതിവായിരുന്നു.

മൃഗത്തോലുകള്‍ഉപയോഗിച്ച് മരത്തിന്റെ ചട്ടക്കൂടിന്മേല്‍ പൊതിഞ്ഞായിരുന്നു വീടുകള്‍ ഉണ്ടാക്കിയിരുന്നത്. ഭക്ഷണം പാകം ചെയ്യുന്നതിനായി വീടുകള്‍ക്ക് പുറത്ത് നെരിപ്പോടുകള്‍ ഒരുക്കുന്നത് പതിവായിരുന്നു. മധ്യശിലായുഗത്തിന്റെ അവസാന കാലഘട്ടം ബിസി 4000നടുത്തായാണ് കാണപ്പെടുന്നത്. രാജ്യത്തെ നവീന ശിലായുഗത്തില്‍നിന്ന് മധ്യ ശിലായുഗത്തിലേയ്ക്കുള്ള മാറ്റം വ്യക്തമാക്കുന്ന തരത്തില്‍ പുരാവസ്തുക്കളൊന്നും തന്നെ ലഭിച്ചിട്ടില്ലെന്നത് നിര്‍ഭാഗ്യകരമാണ്. രാജ്യത്തിന്റെ ചതുപ്പ് സ്വഭാവവും , എക്കല്‍ അടിയലുകളും വിവരങ്ങളെ മറച്ച് വെയ്ക്കുന്നുണ്ട്. ആസിഡ് കലര്‍ന്ന മണ്ണ് നിരവധി ജൈവപരമായ തെളിവുകളെ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത് കൂടാതെയാണ് സമുദ്ര നിരപ്പ് ഉയരുന്നത് മൂലം നശിച്ച് പോയ തെളിവുകള്‍. ബിസി4500-2000 ഇടയില്‍ഏറ്റവും കൂടിയ തോതില്‍സമുദ്ര നിരപ്പ് ഉയര്‍ന്നതായാണ് കണക്കാക്കുന്നത്.

മധ്യശിലായുഗത്തിന്റെ തെളിവുകളില്‍ഏറ്റവും മികച്ചതെന്ന് കരുതാവുന്നവ ലഭിക്കുന്നത് അവസാന 500(4500-4000 BC)വര്‍ഷത്തിനിടയിലേത് മാത്രമാണെന്ന് വിദഗദ്ധരും ചൂണ്ടികാണിക്കുന്നുണ്ട്. ന്യൂഫെറിയില്‍നിന്ന് ക്രമാനുഗതമായ പുരാവസ്തുക്കള്‍ ലഭ്യമാണ്. എന്നാല്‍ ഇവിടെയും പ്രശ്‌നങ്ങളുണ്ട് ലഭിച്ചിരിക്കുന്ന പുരാവസ്തുക്കളും തെളിവുകളുമായി കൂട്ടിയിണക്കാവുന്നതോ താരതമ്യം ചെയ്യാവുന്നതോ ആയ വസ്തുതകളുടെയും അഭാവമുണ്ട്. എങ്കില്‍കൂടി ലഭിച്ചിരിക്കുന്ന പുരാവസ്തുക്കള്‍ മധ്യശിലായുഗത്തിന്റെ അവസാനകാലത്തേതാണെങ്കില്‍ ആ ഘട്ടം രണ്ടായിരം വര്‍ഷം വരെ നീണ്ടു നിന്നതായി അനുമാനിക്കാനാവും. അതേ സമയം തന്നെ മധ്യശിലായുഗത്തിലെ 1,500 വര്‍ഷത്ത ചരിത്രം ഏറെക്കുറെ ലഭ്യമല്ലെന്നും പറയാം.

മധ്യ ശിലായുഗത്തെക്കുറിച്ച് പഠിക്കുന്നതിലെ പ്രയാസം പുരാവസ്തുഗവേഷകര്‍തന്നെ വ്യക്തമാക്കുന്നുണ്ട്. നഷ്ടപ്പെട്ട തെളിവുകളെ കേന്ദ്രീകരിച്ചുള്ള ഗവേഷണത്തിന് ഫണ്ട് കണ്ടെത്തേണ്ടതും വെല്ലുവിളിയാണ്. അനുയോജ്യമായ എന്തെങ്കിലും തെളിവ് ലഭിക്കുന്നത് വരെ കാത്തിരിക്കാമെന്നാണ് ഗവേഷകരുടെ പക്ഷം.

മധ്യശിലായുഗത്തില്‍രാജ്യത്തെ ആകെ ജനസംഖ്യ 84,00എന്നാണ് കണക്കാക്കുന്നത്. വളരെ കുറഞ്ഞ ജനസംഖ്യ വിവിധ ഭാഗങ്ങളിലേയ്ക്ക് വ്യാപിക്കുകയായിരുന്നു. ആയുധങ്ങളുടെ കാര്യത്തില്‍പ്രകടമായ വ്യത്യാസങ്ങളൊന്നും ഐസ്ലാന്‍ഡിലെ ജനതയും ഐറിഷ് ആദിമരും തമ്മിലുണ്ടായിരുന്നില്ല. ഉപകരണ നിര്‍മ്മാണവും അവയുടെ ഘടനയും ഒന്നു തന്നെയായിരുന്നു. പ്രാദേശികമായ വേര്‍തിരുവുകളുടെ അഭാവമാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ വിവിധ വേട്ടസംഘങ്ങള്‍ ഇടക്കിടെ ഇടപഴകിയിരുന്നതാണ്  വ്യത്യാസങ്ങള്‍ ഇല്ലാതാകാന്‍ കാരണമെന്ന വാദവും ഉണ്ട്.

മൂവായിരം മീറ്റര്‍ കനമുള്ള മഞ്ഞ് പാളിയാല്‍ അയര്‍ലണ്ട് ഒരു കാലത്ത് മൂടപ്പെട്ടിരുന്നു. ഇവ ഉരുകാന്‍ തുടങ്ങുന്ന സമയത്ത് അയര്‍ലണ്ട് മരിവിച്ച ഒരു പ്രദേശമായിരുന്നു വെന്ന് പറയാം. നേരത്തെ കരുതിയിരുന്നത് ഇക്കാലത്ത് രാജ്യത്തിന്‍റെ മൂന്നില്‍ രണ്ട് ഭാഗവും മഞ്ഞ് മൂടികിടക്കുകയായിരുന്നവെന്നാണ് എന്നാല്‍ നിലവില്‍ ഈ നിഗമനം മാറുന്നുണ്ട്. തെക്കന്‍ തീരത്ത് ജീവയോഗ്യമായ കാലാവസ്ഥയായിരുന്നുവെന്നാണ്  അഭിപ്രായങ്ങള്‍. എങ്കില്‍കൂടി മനുഷ്യന്‍ ഇവിടെയെത്തിയിരുന്നില്ല. 17,500 -12,000 വര്‍ഷങ്ങള്‍ക്കിടയില്‍ അയര്‍ലണ്ട് ചൂട് പിടിച്ചതോടെയാണ് യൂറോപില്‍ നിന്നുള്ള നായാടികള്‍ക്ക് ഇവിടെ ജീവിതം ആരംഭിക്കാനാകുന്നത്.  മനുഷ്യന്‍ ഇത്തരത്തില്‍ അധിവസിച്ചപ്പോഴും അയര്‍ലണ്ടിലെത്തിപെടാനാകാതെ പോയൊരു വംശമാണ് ഉരഗങ്ങള്‍. തദ്ദേശീയമായി പാമ്പുകള്‍ കാണപ്പെട്ടാത്ത രാജ്യങ്ങളിലൊന്നാണ് അയര്‍ലണ്ട്. വിശ്വാസപരമായ കാരണങ്ങള്‍ ഇതിന് പിന്നില്‍ ചൂണ്ടികാണിക്കാറുണ്ടെങ്കിലും ശാസ്ത്രീയമായി പറയപ്പെടുന്നത് ഹിമയുഗത്തിലെ കൊടും ശൈത്യവും തുടര്‍ന്ന് മഞ്ഞ് ഉരുകിയപ്പോള്‍ സമുദ്രനിരപ്പുയര്‍ന്നതും ഇഴജന്തുക്കള്‍ക്ക് എത്തിപെടാന്‍ സാധിക്കാത്ത ഇടമായി അയര്‍ലണ്ടിനെ മാറ്റിയെന്നാണ്.

Share this news

Leave a Reply

%d bloggers like this: