യുഎസിന്റെ പുതിയ നികുതി നയത്തില്‍ നിന്നും അയര്‍ലണ്ടിന്റെ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയ്ക്ക് താല്‍ക്കാലികാശ്വാസം. അയര്‍ലണ്ട് അടക്കമുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള ഇറക്കുമതിക്ക് ഏപ്രില്‍ 5 മുതല്‍ 10% നികുതി ഏര്‍പ്പെടുത്തുമെന്നാണ് യുഎസ് ബുധനാഴ്ച വ്യക്തമാക്കിയത്. ഏപ്രില്‍ 9 മുതല്‍ മറ്റ് ചില തെരഞ്ഞെടുക്കപ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്ക് ‘പകരത്തിന് പകരമായി’ മറ്റൊരു 10% അധികനികുതി കൂടി ഏര്‍പ്പെടുത്തുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഈ നികുതിയില്‍ നിലവില്‍ ഫാര്‍മസ്യൂട്ടിക്കല്‍, സെമികണ്ടക്ടര്‍ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതാണ് അയര്‍ലണ്ടിന് ആശ്വാസകരമായിരിക്കുന്നത്.
തദ്ദേശീയ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ മേഖലയിലെ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്കും അധികനികുതി ഏര്‍പ്പെടുത്തുമെന്നായിരുന്നു ട്രംപ് പറഞ്ഞിരുന്നതെങ്കിലും, കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനത്തില്‍ അതുണ്ടായില്ല. അതേസമയം താല്‍ക്കാലികാശ്വാസം ഉണ്ടെങ്കിലും, ഭാവിയില്‍ ഈ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയ്ക്കും യുഎസില്‍ നിന്നുള്ള അധിക നികുതിഭാരം ചുമക്കേണ്ടി വന്നേക്കാം.
അയര്‍ലണ്ടില്‍ 45,000-ഓളം പേര്‍ ജോലി ചെയ്യുന്ന ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ കാലാകാലങ്ങളായി നിരവധി യുഎസ് കമ്പനികള്‍ നിക്ഷേപം നടത്തിവരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടന് കയറ്റുമതിയിനത്തില്‍ ലഭിച്ച ആകെ വരുമാനമായ 223.8 ബില്യണ്‍ യൂറോയില്‍ മൂന്നിലൊന്നും യുഎസില്‍ നിന്നാണ്. മാത്രമല്ല, യുഎസില്‍ നിന്നും കയറ്റുമതിയിനത്തില്‍ ലഭിച്ച 72.6 ബില്യണില്‍ 58 ബില്യണും ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെ സംഭാവനയാണെന്ന് ചേര്‍ത്തുവായിക്കുമ്പോള്‍, ഈ മേഖല അയര്‍ലണ്ടിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് എത്രത്തോളം അനിവാര്യമാണെന്ന് മനസിലാക്കാവുന്നതേയുള്ളൂ.