താന്‍ ഈ വര്‍ഷത്തെ ഐറിഷ് പ്രസിഡന്റ് മത്സരരംഗത്ത് ഉണ്ടാകില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രിയും, Fianna Fail നേതാവുമായ മീഹോള്‍ മാര്‍ട്ടിന്‍. പ്രധാനമന്ത്രി എന്ന പദവിയിലിരുന്ന് ഭവനപ്രതിസന്ധി, ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ എന്നിവയില്‍ ശ്രദ്ധയൂന്നാനാണ് തന്റെ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.
തന്റെ മണ്ഡലമായ കോര്‍ക്ക് സൗത്ത് സെന്‍ട്രലിന് പ്രതിനിധീകരിച്ചുകൊണ്ട് പാര്‍ലമെന്റില്‍ ടിഡിയായി കാലയളവ് പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ മാര്‍ട്ടിന്‍, പ്രധാനമന്ത്രി പദത്തില്‍ എത്തിയതില്‍ അഭിമാനിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
നിലവിലെ പ്രസിഡന്റായ മൈക്കല്‍ ഡി. ഹിഗ്ഗിന്‍സിന് പകരം ആള്‍ക്ക് വേണ്ടി ഈ വര്‍ഷം അവസാനമാണ് തെരഞ്ഞെടുപ്പ് നടക്കുക. അയര്‍ലണ്ടില്‍ ഏഴ് വര്‍ഷം വീതം പരമാവധി രണ്ട് വട്ടമാണ് പ്രസിഡന്റായി ഇരിക്കാവുന്നത്. 2011-ല്‍ പ്രസിഡന്റായ ഹിഗ്ഗിന്‍സ് 2018-ല്‍ രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതോടെ ഈ വര്‍ഷം അദ്ദേഹത്തിന്റെ പ്രസിഡന്റായുള്ള കാലാവധി അവസാനിക്കും.