അനധികൃത ഡീസല്‍ നിര്‍മ്മാണകേന്ദ്രങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ അയര്‍ലണ്ടിലെ രണ്ട് കൗണ്ടികള്‍ ചെലവിട്ടത് 1.6 മില്യണ്‍ യൂറോ. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇത്തരത്തില്‍ പലയിടത്തായി തള്ളിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാനായി Louth County Council 1.12 മില്യണ്‍ യൂറോ ചെലവിട്ടപ്പോള്‍, Monaghan County Council 500,000 യൂറോയോളമാണ് ചെലവിട്ടത്. 2020 മുതല്‍ കഴിഞ്ഞ വര്‍ഷം പകുതി വരെ 222 ക്ലീനിങ്ങുകളാണ് വേണ്ടിവന്നതെന്ന് ലോക്കല്‍ അതോറ്റികള്‍ പറയുന്നു.
കുറഞ്ഞ വിലയില്‍ ലഭിക്കുന്ന ഗ്രീന്‍ ഫ്യുവലിലുള്ള പച്ച നിറം കളഞ്ഞ് നിറമില്ലാതാക്കി മാറ്റുകയാണ് അനധികൃത ഡീസല്‍ പ്ലാന്റുകള്‍ ചെയ്യുന്നത്. ശേഷം ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കും. നിറമില്ലാതാക്കുന്ന പ്രക്രിയയ്ക്കിടെ പുറത്തുവരുന്ന മാലിന്യം വഴിയരികിലാണ് ഇവര്‍ തള്ളുന്നത്. ഗുരുതരമായ ആരോഗ്യ, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഈ മാലിന്യം വലിയ തുക ചെലവിട്ടാണ് കൗണ്‍സിലുകള്‍ക്ക് നീക്കം ചെയ്യേണ്ടിവരുന്നത്.
ഇത്തരത്തില്‍ ഡീസല്‍ മാലിന്യം പുറന്തള്ളുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ഗാര്‍ഡ സ്റ്റേഷനില്‍ അറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.