എട്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പാനീയമായ slushies നല്‍കരുതെന്ന മുന്നറിയിപ്പുമായി University College Dublin (UCD). ഈ പാനീയങ്ങളിലടങ്ങിയിരിക്കുന്ന glycerol എന്ന പദാര്‍ത്ഥം കുട്ടികളില്‍ ‘glycerol intoxication syndrome’ എന്ന രോഗാവസ്ഥ സൃഷ്ടിക്കുമെന്നാണ് ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായത്.
2009 മുതല്‍ 2024 വരെ slushies കഴിച്ച ശേഷം സുഖമില്ലാതായ യുകെ, അയര്‍ലണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള 21 കുട്ടികളുടെ കാര്യമാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. Slushies കഴിച്ച് അടുത്ത ഒരു മണിക്കൂറിനുള്ളില്‍ കുട്ടികള്‍ക്ക് സുഖമില്ലാതാകുകയായിരുന്നു. ഈ കുട്ടികള്‍ ആര്‍ക്കും തന്നെ നേരത്തെ മറ്റ് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല.
പാനീയങ്ങളില്‍ പഞ്ചസാരയുടെ രുചി ഉണ്ടാക്കാനായി glycerol ചേര്‍ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ അനുമതിയുണ്ട്. ഒപ്പം പാനീയങ്ങള്‍ക്ക് അത് കൊഴുപ്പും നല്‍കുന്നു. ഐസ് ഇട്ട slushies-ന് ആവശ്യക്കാരും ഏറെയാണ്. പൊതുവില്‍ പ്രശ്‌നം സൃഷ്ടിക്കില്ലെങ്കിലും കുട്ടികളെ glycerol മോശമായി ബാധിക്കുമെന്നാണ് വ്യക്തമായിരിക്കുന്നത്. പാനീയങ്ങളിലെ glycerol-ന്റെ അളവ് സംബന്ധിച്ച് സുതാര്യത വരുത്തേണ്ടതുണ്ടെന്നും ഗവേഷകര്‍ പറയുന്നു.
അതേസമയം നാല് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് glycerol അടങ്ങിയ പാനീയങ്ങള്‍ നല്‍കരുതെന്നും, മറ്റ് കുട്ടികളും, മുതിര്‍ന്നവരും ദിവസം ഒന്നിലധികം glycerol drinks കഴിക്കരുതെന്നും Food Safety Authority of Ireland (FSAI) കഴിഞ്ഞ വര്‍ഷം മുന്നറിയിപ്പ് നല്‍കിയിരുന്നു. Slushies കഴിച്ച കുട്ടികളില്‍ തലവേദന, തലകറക്കം, ഛര്‍ദ്ദി മുതലായവ കണ്ടതായും FSAI വ്യക്തമാക്കിയിരുന്നു. കുട്ടികള്‍ക്ക് slushies പ്രത്യേകിച്ച് ആരോഗ്യപ്രദാനമായ ഒന്നും നല്‍കുന്നില്ല എന്നും FSAI ഓര്‍മ്മിപ്പിക്കുന്നു.