ട്രംപ് പ്രീണനം: യൂറോപ്യൻ വിപണിയിൽ തളർന്ന് ഇലോൺ മസ്കിന്റെ ടെസ്ല; എന്നാൽ അയർലണ്ടിൽ വിൽപ്പന കുതിച്ചുയർന്നു

യൂറോപ്പില്‍ മറ്റെല്ലായിടത്തും വില്‍പ്പന ഇടിയുന്നതിനിടെ അമേരിക്കന്‍ കാര്‍ നിര്‍മ്മാതാക്കളായ ടെസ്ലയ്ക്ക് അയര്‍ലണ്ടില്‍ നേട്ടം. 2025-ന്റെ ആദ്യ രണ്ട് മാസങ്ങളില്‍ 539 ടെസ്ല കാറുകളാണ് അയര്‍ലണ്ടില്‍ വിറ്റുപോയത്. കഴിഞ്ഞ വര്‍ഷത്തെ ആദ്യ രണ്ട് മാസങ്ങളില്‍ ഇത് 412 ആയിരുന്നു. 31% ആണ് വില്‍പ്പനയിലെ വര്‍ദ്ധന.

ടെസ്ലയുടെ മോഡല്‍ 3-യുടെ 428 എണ്ണവും, മോഡല്‍ വൈയുടെ 111 എണ്ണവുമാണ് ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഇവിടെ വില്‍പ്പന നടന്നത്.

അതേസമയം യൂറോപ്പില്‍ പൊതുവില്‍ ടെസ്ലയുടെ വിപണി ഇടിയുകയാണ്. ജനുവരി മാസത്തില്‍ 7,517 പുതിയ ടെസ്ല കാറുകളാണ് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ വിറ്റഴിക്കപ്പെട്ടിട്ടുള്ളത്. 2024 ജനുവരിയില്‍ ഇത് 15,130 ആയിരുന്നു.

യൂറോപ്പില്‍ ടെസ്ലയുടെ ഏറ്റവും വലിയ വിപണിയായിരുന്ന ജര്‍മ്മനിയില്‍ നാടകയീമായ ഇടിവാണ് വില്‍പ്പനയുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. 2024 ഫെബ്രുവരിയില്‍ 6,000-ലധികം കാറുകള്‍ ടെസ്ല ജര്‍മ്മന്‍ വിപണിയില്‍ വിറ്റഴിച്ചപ്പോള്‍, ഈ വര്‍ഷം ഫെബ്രുവരിയില്‍ അത് വെറും 1,429 എണ്ണമായി കുറഞ്ഞു. 70% ആണ് ഇടിവ്. ജര്‍മ്മനിയിലെ ഈ പ്രതിസന്ധിക്ക് കാരണം ടെസ്ല മേധാവി ഇലോണ്‍ മസ്‌ക്, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഒന്നുചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതും, ജര്‍മ്മനിയില്‍ ഈയിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തീവ്രവലതുപക്ഷ പാര്‍ട്ടിയായ AfD-ക്ക് മസ്‌ക് പിന്തുണ പ്രഖ്യാപിച്ചതും ആണെന്ന് വിലയിരുത്തലുകളുണ്ട്.

മസ്‌കിന്റെ ട്രംപ് പ്രീണനം യൂറോപ്പിന് പുറത്തും ടെസ്ലയെ തളര്‍ത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസിലെ കാലിഫോര്‍ണിയയില്‍ ടെസ്ലയുടെ മോഡല്‍ 3-യുടെ വില്‍പ്പന കഴിഞ്ഞ വര്‍ഷം 36% ഇടിഞ്ഞിരുന്നു.

Share this news

Leave a Reply

%d bloggers like this: