ഡബ്ലിന്‍ നഗരത്തിലെ റസ്റ്ററന്റുകളില്‍ മോഷണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇത്തരം അക്രമങ്ങളും മോഷണവും വര്‍ദ്ധിച്ചതോടെ നഗരത്തിലെ ഹോസ്പിറ്റാലിറ്റി മേഖലയെ അത് മോശമായി ബാധിക്കുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഡബ്ലിനിലെ പ്രശസ്തമായ ഭക്ഷണകേന്ദ്രങ്ങളില്‍ ഫെബ്രുവരി മാസത്തിലെ ഒരാഴ്ച മാത്രം ഇത്തരം അഞ്ച് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. George’s Street-ലെ Kicky’s, Strawberry Beds-ലെ Goats Gruff, Aungier Street-ലെ കോഫി ഷോപ്പായ It’s A Trap on എന്നിവിടങ്ങളാണ് അതില്‍ ചിലത്.
CSO-യുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യമെമ്പാടുമായി 2023-നെ അപേക്ഷിച്ച് 2024-ല്‍ കെട്ടിടങ്ങള്‍ കുത്തിത്തുറന്നുള്ള 878 മോഷണങ്ങളാണ് (burglery) വര്‍ദ്ധിച്ചത്. ഡബ്ലിനില്‍ മാത്രം 2024 സെപ്റ്റംബര്‍ വരെയുള്ള 12 മാസത്തിനിടെ ഇത്തരം 3,729 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 7% ആണ് വര്‍ദ്ധന. ഇക്കാലയളവിനിടെ 1,459 സാധാരണ മോഷണങ്ങളും (robbery) നടന്നു.
ഡബ്ലിനിലെ റസ്റ്ററന്റുകളിലും, ഭക്ഷണശാലകളിലും നടക്കുന്ന മോഷണങ്ങളെല്ലാം തന്നെ ഒരേ രീതിയിലുള്ളവയാണ്. കടയുടെ ചില്ല് വാതില്‍ എന്തെങ്കിലും ഉപരണമുപയോഗിച്ച് അടിച്ചുതകര്‍ത്ത ശേഷം ഹെല്‍മറ്റോ, മുഖംമൂടിയോ ധരിച്ച് അകത്ത് കടക്കുകയും, നേരെ ക്യാഷ് രജിസ്റ്ററില്‍ പോയി പണം എടുക്കുകയുമാണ് മോഷ്ടാക്കള്‍ ചെയ്യുന്നത്.
മോഷണങ്ങളുമായി ബന്ധപ്പെട്ട് നിരവധി പേരെ ഗാര്‍ഡ പോയ മാസങ്ങളില്‍ പിടികൂടിയിട്ടുണ്ടെങ്കിലും ആവശ്യത്തിന് നടപടിയെടുത്തില്ല എന്ന പരാതിയാണ് റസ്റ്ററന്റ് ഉടമകള്‍ക്കുള്ളത്. തങ്ങളുടെ സ്ഥാപനങ്ങളുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ഉടമകളുടെ അസോസിയേഷനുകളും ആശങ്കയറിയിച്ചിട്ടുണ്ട്. 999-ല്‍ വിളിച്ചറിയിക്കുകയല്ലാതെ ഗാര്‍ഡയുടെ ഉടനടിയുള്ള പ്രതിരണം ഇത്തരം സംഭവങ്ങളില്‍ ആവശ്യമാണെന്നാണ് അസോസിയേഷനുകള്‍ പറയുന്നത്.
അതേസമയം മോഷണസംഭവങ്ങളില്‍ പിടിക്കപ്പെടുന്നവരെ ജയിലില്‍ അടയ്ക്കാന്‍ സാധിക്കാതെ വരുന്നത് കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതായി മുന്‍ ഗാര്‍ഡ ഇന്‍സ്‌പെക്ടറായ Tony Gallagher പറയുന്നു. ജയിലുകള്‍ നിറഞ്ഞിരിക്കുന്ന അവസ്ഥ കാരണം കുറ്റം തെളിയിക്കപ്പെട്ടാലും മോഷ്ടാക്കളെ ജയിലുകളിലേയ്ക്ക് അയയ്ക്കാന്‍ സാധിക്കുന്നില്ല. 18 വയസിന് താഴെയുള്ള മോഷ്ടാക്കളുടെ കാര്യമാണ് ഏറ്റവും പ്രശ്‌നം. രാജ്യത്ത് പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികളെ അയയ്ക്കുന്ന ഏക കേന്ദ്രമായ Oberstown-ഉം നിറഞ്ഞിരിക്കുകയാണ്. സ്വാഭാവികമായും കുറ്റം തെളിഞ്ഞാലും കോടതികള്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കേണ്ടിവരികയാണ്. ഒരാളെ ജയിലില്‍ പ്രവേശിപ്പിക്കണമെങ്കില്‍ മറ്റൊരാള്‍ പുറത്തിറങ്ങണം എന്നതാണ് സ്ഥിതി. മോഷണം വര്‍ദ്ധിച്ചിരിക്കുന്ന ഇടങ്ങളില്‍ ഗാര്‍ഡയുടെ സാന്നിദ്ധ്യം കൂട്ടുകയാണ് പോംവഴിയെന്നും Tony Gallagher വ്യക്തമാക്കുന്നു.