കഴിഞ്ഞ ദിവസം ഗാര്‍ഡ നടത്തിയ അതിര്‍ത്തിപരിശോധനകള്‍ക്കിടെ പിടിയിലായ രണ്ട് പേരെ നാടുകടത്തി. കൗണ്ടി ലൂവിലെ Dundalk-ലുള്ള N1/M1 റൂട്ടിലാണ് വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് ഗാര്‍ഡ വ്യാഴാഴ്ച പരിശോധന നടത്തിയത്. ഗാര്‍ഡയ്‌ക്കൊപ്പം നോര്‍ത്തേണ്‍ അയര്‍ലണ്ട് പൊലീസും പരിശോധനയില്‍ പങ്കെടുത്തിരുന്നു.
റൂറല്‍ ഏരികളിലെ കുറ്റകൃത്യങ്ങള്‍, മനുഷ്യക്കടത്ത് എന്നിവ തടയുക ലക്ഷ്യമിട്ട് നടത്തിയ പരിശോധനയില്‍ കുറ്റവാളികള്‍ നിര്‍ബാധം അതിര്‍ത്തി കടക്കുന്നത് തടയാനും ശ്രമം ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി പത്ത് ബസുകള്‍ തടഞ്ഞ് പരിശോധിച്ചതില്‍ നിന്നുമാണ് മതിയായ രേഖകളില്ലാത്ത രണ്ട് പേരെ അറസ്റ്റ് ചെയ്തത്. ഇവരെ ഇന്നലെ രാത്രി തന്നെ തിരിച്ചയച്ചു.
അതോടൊപ്പം തന്നെ പരിശോധനയില്‍ മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ച നാല് പേരെയും പിടികൂടി. ടാക്‌സ്, ഇന്‍ഷുറന്‍സ് എന്നിവ ഇല്ലാത്ത ഏതാനും വാഹനങ്ങളും പിടികൂടി.