അമേരിക്കയിലെ ഫ്ലോറിഡയിലെ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ വംശജയായ നഴ്‌സിന് നേരെ ക്രൂര ആക്രമണം. ആശുപത്രിയിൽ വച്ച് ലീലാമ്മ ലാൽ (67) ഒരു മാനസികാരോഗ്യ രോഗിയുടെ ക്രൂരാക്രമണത്തിനിരയാവുകയായിരുന്നു. രോഗിയായ സ്റ്റീഫൻ സ്‌കാന്റില്‍ബറി (33) ആണ് അവരെ ക്രൂരമായി ആക്രമിച്ചത്. പാംസ് വെസ്റ്റ് ആശുപത്രിയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്.
സംഭവത്തിന് പിന്നാലെ ഷർട്ടില്ലാതെയും ഷൂകളില്ലാതെയും ഇ കെ ജി വയറുകളോട് ചേർന്നതുമായിരുന്നു ഇയാളുടെ നില. അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ലാലിനെ ക്രൂരമായി മർദ്ദിച്ചതിന് പുറമെ, ഇന്ത്യൻ വംശീയതയെ അപമാനിക്കുന്ന പരാമർശങ്ങളും ഇയാൾ നടത്തിയിരുന്നു. ഇയാള്‍ക്കെതിരെ വിദ്വേഷ കുറ്റകൃത്യത്തിനൊപ്പം മനപൂര്‍വമുള്ള കൊലപാതക ശ്രമത്തിനും കേസെടുത്തു.
ആക്രമണത്തില്‍ ലീലാമ്മയുടെ മുഖത്തെ അസ്ഥികള്‍ തകര്‍ന്നു. രണ്ട് കണ്ണിന്റെയും കാഴ്ചശക്തി പൂര്‍ണമായും നഷ്ടപ്പെട്ടു.
രോഗിയുടെ ആക്രമണത്തില്‍ അമ്മയുടെ മുഖം മുഴുവനായും തകര്‍ന്നുവെന്ന് മകള്‍ സിന്‍ഡി പറഞ്ഞു. അമ്മയെ കണ്ടിട്ട് തനിക്ക് പോലും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. രണ്ട് കണ്ണുകളും വീര്‍ത്താണിരിക്കുന്നതെന്നും തലച്ചോറില്‍ രക്തസ്രാവമുണ്ടെന്നും മകള്‍ പറഞ്ഞു.
സൌത്ത് ഫ്ലോറിഡയിലെ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഈ ആക്രമണത്തെ ശക്തമായി അപലപിച്ചു. “ജീവനക്കാരെ സംരക്ഷിക്കാൻ പ്രത്യേക നിയമങ്ങൾ ഇല്ലാത്തത് ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ്, ഇത് ഒരു വലിയ കുറവാണ്, നിയമനിർമ്മാതാക്കൾ ഇതിൽ ഇടപെടണം.” എന്ന് അസോസിയേഷന്റെ ഉപദേശക സമിതി ചെയർപേഴ്സൺ ഡോ. മഞ്ജു സാമുവൽ പറഞ്ഞു.