സ്ലൈഗോയിൽ 207 വീടുകളുള്ള വൻ ഭവന സമുച്ചയത്തിനു പ്ലാനിങ് അനുമതി

സ്ലൈഗോ ടൗണിലെ ഓക്ക്‌ഫീൽഡ് റോഡിൽ 15 ഏക്കർ പ്രദേശത്ത് 207 റെസിഡൻഷ്യൽ യൂണിറ്റുകൾ ഉൾക്കൊള്ളുന്ന ഒരു വൻ നിര്മ്മാണ പദ്ധതിക്ക് സ്ലൈഗോ കൗണ്ടി കൗൺസിൽ അനുമതി നല്‍കി. നോവോട്ട് ഹോൾഡിംഗ്സ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് ഈ പദ്ധതി നിർവ്വഹിക്കാനുള്ള അനുമതി ലഭിച്ചത്. ഈ പദ്ധതിയിൽ അപാർട്ടുമെന്റുകൾ, ടെറസ് വീടുകൾ, സെമി-ഡിറ്റാച്ച്ഡ് വീടുകൾ എന്നിവ ഉൾപ്പെടും.

നിർമ്മാണം പൂർത്തിയാകുമ്പോൾ  21 സിംഗിള്‍ ബെഡ് റൂം അപ്പാർട്ട്മെന്റുകൾ, 37 ടൂ ബെഡ്റൂം അപ്പാർട്ട്മെന്റുകൾ, 4 ടൂബെഡ്റൂം ടെറസ് വീടുകൾ, 99 ത്രീ ബെഡ്റൂം ടെറസ് വീടുകൾ, 4 ത്രീ ബെഡ്റൂം സെമി-ഡിറ്റാച്ച്ഡ് വീടുകൾ, 42 ഫോർ ബെഡ്റൂം സെമി-ഡിറ്റാച്ച്ഡ് വീടുകൾ എന്നിവ ഉണ്ടായിരിക്കും.

പദ്ധതിയിൽ കുഞ്ഞുങ്ങൾക്കായി ക്രെച്ച് സൗകര്യവും, ഓക്ക്‌ഫീൽഡ് റോഡിനരികെ കാൽനടയും സൈക്കിളിംഗ് സൌകര്യവും ഒരുക്കാനുള്ള സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.

നിർമാണ പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപ്, വീടുകളുടെ ഉടമസ്ഥാവകാശം ആദ്യമായി വീട് വാങ്ങുന്ന വ്യക്തികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്ന ഒരു കരാർ ഡവലപ്പർ ആസൂത്രണ അതോറിറ്റിയുമായി ഒപ്പുവയ്ക്കേണ്ടതുണ്ട്. ഇത് വീടുകൾ നിക്ഷേപ ലക്ഷ്യത്തോടെ വാങ്ങുന്നത് തടയാനുള്ള ഒരു നടപടിയാണ്.

അതെ സമയം ഈ പദ്ധതിക്കെതിരെ 30-ലധികം പരാതികൾ സമർപ്പിച്ചിരുന്നതായി റിപ്പോർട്ടുകള്‍ ഉണ്ട്. എതിര്‍പ്പുകൾ പ്രധാനമായും പീക്ക് സമയങ്ങളിൽ ഈ റോഡിലെ വാഹനങ്ങളുടെ തിരക്ക്, റോഡ് സുരക്ഷ, ട്രാഫിക് കുരുക്ക്, നിർദ്ദേശിച്ച അപാർട്ടുമെന്റുകളുടെ ഉയരം എന്നിവയെ സംബന്ധിച്ചായിരുന്നു.

Share this news

Leave a Reply

%d bloggers like this: