മലയാളിയായ ആദിൽ നൈസാം ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ക്രിക്കറ്റ് പര്യടനത്തിനുള്ള ലെൻസ്റ്റർ ക്രിക്കറ്റ് ടീമിൽ ഇടം നേടി. ലെൻസ്റ്റർ ക്രിക്കറ്റ് ക്ലബിനെ പ്രതിനിധീകരിച്ച്, അണ്ടർ-16 വിഭാഗത്തിൽ ആണ് ആദിൽ കളിക്കുക. ഡബ്ലിൻ ഫീനിക്സ് ക്രിക്കറ്റ് ക്ലബിൽ നിന്ന് ഈ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയാണ് ആദിൽ.
പതിനൊന്ന് അംഗങ്ങളടങ്ങിയ ലെൻസ്റ്റർ ടീം ഇതിനകം തന്നെ ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെട്ടുകഴിഞ്ഞു. ജോഹാനസ്ബർഗിൽ വ്യാഴാഴ്ച ആരംഭിക്കുന്ന പര്യടനത്തിൽ ആകെ അഞ്ച് മത്സരങ്ങളാണ് നടക്കുക. കൂടാതെ, ചൊവ്വാഴ്ച സ്റ്റിറ്റിയൻസ് ടീമിനെതിരെ ഒരു വാം – അപ്പ് മത്സരവും ഉണ്ടാകും.
മത്സരങ്ങൾക്കു പുറമെ, ദക്ഷിണാഫ്രിക്കയിലെ ക്രിക്കറ്റ് പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നതിനുള്ള അവസരവും ടീം അംഗങ്ങൾക്ക് ലഭിക്കും.
ഡബ്ലിനിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമായ ബെൽവിഡിയർ കോളജിലെ ജൂണിയർ സെർട്ട് വിദ്യാർത്ഥിയായ ആദിൽ, പഠനത്തിലും ക്രിക്കറ്റിലും തിളങ്ങിയ താരമാണ്.
2023-ൽ ലെൻസ്റ്റർ ക്ലബിന്റെ മികച്ച ബൗളറിനുള്ള പുരസ്കാരവും 2024-ൽ ഫീനിക്സ് ക്ലബിന്റെ മികച്ച താരത്തിനുള്ള അംഗീകാരവും ആദിൽ സ്വന്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരത്തെ പള്ളിക്കൽ സ്വദേശിയായ കുന്നിൽ നൈസാമിന്റെയും (അയർലണ്ട് ), ഡബ്ലിനിലെ നാഷണൽ മറ്റേർണിറ്റി ഹോസ്‌പിറ്റലിൽ ജോലി ചെയ്യുന്ന, തോന്നയ്ക്കൽ പുതുവൽവിള പുത്തൻവീട്ടിൽ ഡാഫോഡിൽസിലെ സുനിത ബീഗത്തിന്റെയും മകനാണ് ആദിൽ.