ശനിയാഴ്ച പുലർച്ചെ ഡബ്ലിൻ സിറ്റി സെന്ററിൽ 34 വയസ്സുള്ള യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
പിഎസ്‌എൻഐ ഉദ്യോഗസ്ഥർ ബെൽഫാസ്റ്റിൽ നിന്ന് 23 വയസ്സുകാരനായ ഒരാളെ ഫെറിയിൽ കയറുന്നതിനു മുമ്പ് അറസ്റ്റ് ചെയ്തു. ഇയാൾ ഇപ്പോൾ വടക്കൻ അയർലൻഡിലെ ഒരു പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലാണ്. ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഗാർഡ പിഎസ്‌എൻഐയുമായി ബന്ധപ്പെടുകയും, അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിന് ഇരു വിഭാഗങ്ങളും സഹകരിക്കുമെന്ന് പിഎസ്‌എൻഐ വക്താവ് വ്യക്തമാക്കുകയും ചെയ്തു
ഇന്നലെ രാവിലെ ഡബ്ലിനിൽ നടത്തിയ തെരച്ചിലിൽ 20-വയസ്സുള്ള രണ്ടാമത്തെ ആളെയും ഗാർഡ പിടികൂടി. ഇയാളെ ഡബ്ലിനിലുള്ള ഒരു പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണ്. അതേസമയം, വൈകുന്നേരം ഡബ്ലിൻ സിറ്റിയിൽ വച്ച് മൂന്നാമത്തെയാളെയും അറസ്റ്റ് ചെയ്തതായി ഗാർഡ സ്ഥിരീകരിച്ചു.
നൈജീരിയയിൽ നിന്നുള്ള അഭയാർത്ഥിയായ ക്വാം ബാബറ്റുണ്ടെ (34), ശനിയാഴ്ച പുലർച്ചെ സൗത്ത് ആനീ സ്ട്രീറ്റിൽ നടന്ന ആക്രമണത്തിലാണ് കുത്തേറ്റു മരിച്ചത്.
റിപ്പോർട്ടുകൾ പ്രകാരം ഒരു സംഗീത പരിപാടിക്കുശേഷം രണ്ട് ഗ്രൂപ്പുകൾ തമ്മിൽ തർക്കം ഉണ്ടാകുകയും, പിന്നീട് ഇത് ബാബറ്റുണ്ടെയുടെ മരണത്തിൽ കലാശിക്കുകയായിരുന്നു.