ഡബ്ലിനിലെ ക്ലോണ്ടാൽക്കിൻ ഗാർഡാ സ്റ്റേഷൻ ഇന്നലെ രാത്രി അടിയന്തിരമായി അടച്ചു പൂട്ടുകയും സ്റ്റാഫുകളെ ഒഴിപ്പിക്കുകയും ചെയ്തത് പരിഭ്രാന്തിക്കിടയാക്കി. സമീപ പ്രദേശത്ത് നിന്നു കണ്ടെത്തിയ ഒരു സ്ഫോടക വസ്തുവുമായി ഒരു വ്യക്തി സ്റ്റേഷനിലേക്ക് വന്നതിനെ തുടർന്നായിരുന്നു ഈ നടപടി.
സംഭവത്തെ തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സ്റ്റേഷൻ അടച്ചു, പരിസരത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ഐറിഷ് ഡിഫെൻസ് ഫോഴ്സ് ന്റെ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി ഉപകരണം പരിശോധിച്ച് സുരക്ഷിതമാക്കിയ ശേഷം ഇത് പ്രവർത്തനക്ഷമമല്ല എന്ന് സ്ഥിരീകരിച്ചു. എന്നാൽ, ഉപകരണം കൂടുതൽ പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയയ്ക്കുമെന്ന് ഗാർഡാ വക്താവ് അറിയിച്ചു.
ബോംബ് സ്‌ക്വാഡ് പരിശോധന പൂർത്തിയാക്കിയതോടെ, സ്റ്റേഷനിലുണ്ടായ നിയന്ത്രണങ്ങൾ നീക്കുകയും, ഗാർഡാ സ്റ്റേഷൻ വീണ്ടും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുമെന്ന് ഗാർഡ അറിയിച്ചു.