പ്രസിഡന്റ് ട്രംപ് ഇന്ത്യകാര്‍ക്ക് തന്ന പണി അമേരിക്കയില്‍ മാത്രം ഒതുങ്ങുന്നില്ല, ട്രംപ് മോഡലിനെ പിന്തുടർന്ന് ബ്രിട്ടീഷ് സർക്കാരും ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ പ്രക്രിയയ്ക്ക് തയ്യാറെടുക്കുന്നു. ഇതിനോടകം 800 കുടിയേറ്റക്കാരെ നാടുകടത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്ത്യയിൽ നിന്നുള്ള വലിയൊരു വിഭാഗം ആളുകൾ യുകെയിൽ ജോലി ചെയ്യുന്നതിനാൽ, ഈ നടപടി ഇന്ത്യൻ സമൂഹത്തിന് ഗുരുതരമായ ആഘാതമുണ്ടാക്കും. വിദ്യാർഥി വിസകളിൽ എത്തി ജോലി ചെയ്യുന്ന നിരവധി ഇന്ത്യക്കാരുള്ള രാജ്യമാണ് യുകെ. ഇവരെ കൂട്ടത്തോടെ തിരിച്ചയക്കാനാണ് സര്‍ക്കാര്‍ നീക്കം.
ബ്രിട്ടീഷ് ഹോം സെക്രട്ടറിയുടെ നേതൃത്വത്തിൽ ജനുവരിയിൽ രാജ്യത്തെ 828 സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 48 ശതമാനം വർധനവ് റെയ്ഡുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പരിശോധനയിൽ 609 പേർ അറസ്റ്റിലായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 73 ശതമാനം കൂടുതൽ പേർ അറസ്റ്റിലായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യൻ റെസ്റ്റോറന്റുകൾ, കടകൾ, ബാറുകൾ,കാർ വാഷിങ് കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ അനധികൃതമായി ജോലി ചെയ്യുന്നവരെ കണ്ടെത്താനുള്ള പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.ആഭ്യന്തര വകുപ്പിന്‍റെ കണക്കനുസരിച്ച് ഏകദേശം 1000 സര്‍ക്കാര്‍ ജീവനക്കാരെ എമിഗ്രേഷന്‍ എന്ഫോഴ്സ്മെന്‍റ് ജോലികള്‍ക്കായി പുനര്‍വിന്യസിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
നോർത്തേൺ ഇംഗ്ലണ്ടിലെ ഒരു ഇന്ത്യൻ റെസ്റ്ററന്റിൽ നിന്ന് മാത്രം മതിയായ രേഖകളില്ലാതെ ജോലി ചെയ്തിരുന്ന നാല് പേരെ പിടികൂടിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തൊഴിലിടങ്ങളില്‍ അനധികൃത താമസ കാര്‍ക്കെതിരെ നടത്തുന്ന റെയ്ഡ്കള്‍ നിരവധി ഇന്ത്യന്‍ റസ്റ്റ്‌റന്റ്കള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയ വിവരങ്ങളും പുറത്തുവരുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്ന് യുകെയിൽ അനധികൃതമായി കുടിയേറിയ 800 പേരെ നാല് ചാർട്ടേഡ് വിമാനങ്ങളിലായി നാടുകടത്തിയെന്നാണ് റിപ്പോർട്ടുകൾ. യുകെയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ പ്രവർത്തനമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.