ഭവന വിതരണം മെച്ചപെടുത്തുന്നതിനായി ഒഴിഞ്ഞു കിടക്കുന്ന വീടുകളും വാണിജ്യ കെട്ടിടങ്ങളും നവീകരിക്കാന്‍ സർക്കാർ പിന്തുണ നൽകണമെന്ന ആവശ്യം ശക്തമാവുന്നു.
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്‍റെ കണക്കുകള്‍ പ്രകാരം, രാജ്യത്ത് 2024-ൽ മൊത്തം 30,330 വീടുകൾ ആണ് നിർമ്മിച്ചത്. ഇത് 2023-നേക്കാള്‍ 6.7 ശതമാനം കുറവാണ്. സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത് 33,450 പുതിയ വീടുകൾ ആയിരുന്നു.
2024-ലെ അവസാന മാസങ്ങളിൽ മീഹോള്‍ മാർട്ടിനും സൈമൺ ഹാരിസും ആ വർഷം ഏകദേശം 40,000 വീടുകൾ നിർമ്മിക്കുമെന്ന് നിരവധി പ്രസ്താവനകൾ നടത്തിയിരുന്നു.എന്നാൽ, ഇത് നിറവേറ്റാൻ സർക്കാരിന് കഴിയാത്തതിനാല്‍, പ്രതിപക്ഷ കക്ഷികൾ സര്‍ക്കാര്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ചിരുന്നു.
ഹാര്‍ഡ്‌വെയര്‍ അസോസിയേഷൻ അയര്‍ലണ്ട്, രാജ്യത്ത് ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളുടെ നവീകരണം ഉള്‍പ്പടെയുള്ള വിവിധ നിർദേശങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഭവന മന്ത്രി യോഗം വിളിക്കണമെന്ന് അഭ്യർത്ഥിച്ചു.
ഈ വർഷം അസോസിയേഷന്‍ 36,500 പുതിയ സ്ഥാപനങ്ങള്‍ നിർമ്മിക്കാന്‍ പദ്ധതിയുണ്ടെന്ന് ഹാര്‍ഡ്‌വെയര്‍ അസോസിയേഷൻ ചീഫ് എക്സിക്യൂട്ടീവ് മാർട്ടിൻ മാർക്കി പറഞ്ഞു.
കഴിഞ്ഞ സെൻസസ് പ്രകാരം അയർലണ്ടിൽ 167,000 വീടുകൾ ഒഴിഞ്ഞ് കിടക്കുന്നുണ്ട്. അവയിൽ, ന്യായമായ ചിലവിൽ നവീകരിക്കാൻ കഴിയുന്നവ ഏകദേശം 40,000 ആണെന്ന് മാർട്ടിൻ മാർക്കി പറയുന്നു.
ഇത്തരത്തില്‍ ഒഴിഞ്ഞു കിടക്കുന്ന വീടുകളും വാണിജ്യ സ്ഥാപനങ്ങളും നവീകരിക്കുന്നതിലൂടെ അയര്‍ലണ്ടിലെ ഭവന പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്താമെന്നാണ് ഹാര്‍ഡ്‌വെയര്‍ അസോസിയേഷൻ ആവശ്യപെടുന്നത്.
ഇതിനായി ഭവന മന്ത്രി ഉടൻ തന്നെ ചര്‍ച്ചക്ക് തയ്യാറാവണമെന്ന് അഭ്യര്‍ഥിക്കുന്നതായി, മാർട്ടിൻ മാർക്കി പറഞ്ഞു.