അയര്‍ലണ്ട് നാളെ പാരിസില്‍ നടക്കുന്ന AI സമ്മിറ്റിൽ വിശ്വാസയോഗ്യവും മനുഷ്യകേന്ദ്രിതവുമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സുരക്ഷക്ക് ആവശ്യമായ മാർഗരേഖകൾ നടപ്പിലാക്കുന്നതിനുള്ള പിന്തുണ പ്രഖ്യാപിക്കും.
ലോക നേതാക്കൾ, കമ്പനി സിഇഒമാർ, പ്രവർത്തകർ എന്നിവർ AIയുടെ ഭാവി ചർച്ച ചെയ്യുന്നതിന് ഈ സമ്മിറ്റിൽ ഒത്തുകൂടും. പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനെ ഈ സമ്മിറ്റിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്.
2024 ഓഗസ്റ്റിൽ ആണ് യൂറോപ്യൻ യൂണിയന്റെ AI നിയമം (EU AI Act) പ്രാബല്യത്തിൽ വന്നത്. ഇത്, ആളുകളുടെ സുരക്ഷ, ഉപജീവനമാർഗ്ഗങ്ങൾ, അവകാശങ്ങൾ എന്നിവയ്ക്ക് ഭീഷണിയാകുന്ന AI സിസ്റ്റങ്ങളെ നിരോധിക്കുന്നു. കൂടാതെ, നിർണായക ഇൻഫ്രാസ്ട്രക്ചർ, നിയമ നിർവഹണം, തിരഞ്ഞെടുപ്പുകൾ എന്നിവയിൽ ഉപയോഗിക്കുന്ന ഉയർന്ന അപകടസാധ്യതയുള്ള AI സിസ്റ്റങ്ങൾക്കായി കർശനമായ നിയമങ്ങളും ഇതിൽ ഉൾപ്പെടുന്നു.
യൂറോപ്യൻ യൂണിയനിൽ, വിശ്വസ്യതയും മനുഷ്യകേന്ദ്രീകൃതവുമായ AIയ്ക്കായി നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന് അയര്‍ലണ്ട് പൂർണ്ണമായും പിന്തുണ നൽകുന്നതായി എന്റർപ്രൈസ്, ടൂറിസം, തൊഴിൽ മന്ത്രി പീറ്റര്‍ ബർക്ക് പറഞ്ഞു.
“ഇത് വ്യക്തിഗത സുരക്ഷയും അടിസ്ഥാന അവകാശങ്ങളും സംരക്ഷിക്കുകയും, അതേസമയം നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നത് തുടരുകയും ചെയ്യും,” എന്ന് മന്ത്രി ബർക്ക് പറഞ്ഞു.
ചൈനയുടെ DeepSeek AI മോഡലിന്റെ വരവോടെ, ആഗോള AI മത്സരം ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതോടെ സുരക്ഷയും നിയന്ത്രണവും ബാധിക്കുമെന്ന ആശങ്കകൾ ഉയർന്നിട്ടുണ്ട്.
അതേസമയം അമരിക്കയില്‍ ഡൊണാൾഡ് ട്രംപ്, ഉപഭോക്താക്കൾ, തൊഴിലാളികൾ, ദേശീയ സുരക്ഷ എന്നിവയ്ക്ക് AI ഉണ്ടാക്കുന്ന അപകടസാധ്യത കുറയ്ക്കുന്നതിനായി മുൻപ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവെച്ച എക്സിക്യൂട്ടീവ് ഉത്തരവുകൾ റദ്ദാക്കി.