ഗാസയിലെ UNRWAയുടെ പ്രവർത്തനങ്ങൾക്കായി €20m ധനസഹായം പ്രഖ്യാപിച്ച് അയര്‍ലണ്ട് സര്‍ക്കാര്‍

അയര്‍ലണ്ട് സര്‍ക്കാര്‍ ഐക്യരാഷ്ട്ര സംഘടനയുടെ പലസ്തീൻ സഹായ ഏജൻസിയായ UNRWAയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി €20 മില്ല്യണ്‍ ധനസഹായം പ്രഖ്യാപിച്ചു. ഈ ഫണ്ടിംഗ് ഗാസ, വെസ്റ്റ് ബാങ്ക്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളില്‍  പലസ്തീൻ അഭയാർത്ഥികൾക്കായി UNRWA നടത്തുന്ന പ്രവർത്തനങ്ങള്‍ക്കുള്ള സഹായമാണെന്ന് വിദേശകാര്യ മന്ത്രി സൈമൺ ഹാരിസ് വ്യക്തമാക്കി. ഗാസയിലെ പ്രതിസന്ധി ഭീകരാവസ്ഥയിലാണെന്നും ഹാരിസ് പറഞ്ഞു.

ഈ നിർണായക സമയത്ത് ഗാസയിലേക്ക് കൂടുതൽ മാനുഷിക സഹായം എത്തിക്കാനുള്ള അയർലൻഡിന്റെ പ്രതിബദ്ധതയാണ് ഈ ധനസഹായം കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ന് ഹാരിസ് ഒരു പ്രസ്താവനയിൽ വ്യക്തമാക്കി.

ഇസ്രായേൽ UNRWAയുടെ പ്രവർത്തനങ്ങൾ കഴിഞ്ഞ മാസം അവസാനത്തോടെ നിരോധിച്ചിരുന്നു. ഇതോടൊപ്പം, UNRWAയും ഇസ്രായേൽ അധികൃതരും തമ്മിലുള്ള ബന്ധങ്ങളും നിരോധിക്കപ്പെട്ടിരുന്നു. UNRWA, ഹമാസ് തീവ്രവാദികളെ സംരക്ഷിക്കുന്നതായി ആരോപിച്ചാണ് ഇസ്രായേൽ ഈ നടപടി സ്വീകരിച്ചത്. അതേസമയം, UNRWA പലസ്തീന്‍ പ്രദേശങ്ങളിലെ മുഴുവൻ സേവനങ്ങളും കിഴക്കൻ ജെറുസലേമില്‍ ഉൾപ്പെടെ തുടരുമെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു.

2023 മുതൽ ഇതുവരെ അയർലണ്ട് പാലസ്തീൻ ജനതയ്ക്ക് €63 മില്ല്യണിലധികം സഹായം നൽകി. ഈ ധനസഹായം ഗാസയിൽ UNRWA നടത്തുന്ന മാനുഷിക പ്രവർത്തനങ്ങളെ ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. പലസ്തീന്‍ – ഇസ്രയേല്‍ സംഘർഷത്തിൽ ഗാസയില്‍ ഇതുവരെ കുറഞ്ഞത് 47,540 പേർ കൊല്ലപ്പെടുകയും 111,000ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്, ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും ആണ്.

Share this news

Leave a Reply

%d bloggers like this: