രാജ്യത്ത് റെക്കോര്‍ഡ് വേഗത്തില്‍ സ്റ്റോം Éowyn ആഞ്ഞടിച്ചു, അതിശക്തമായ കാറ്റും മഴയും ജനജീവിതത്തെ വലിയ രീതിയിൽ ബാധിച്ചു. പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ കാറ്റ് മണിക്കൂറിൽ 183 കിലോമീറ്റർ വേഗതയോടെ വീശിയതോടെ വൈദ്യുതി വിതരണവും വ്യാപകമായി മുടങ്ങി.
ESB നെറ്റ്‌വര്‍ക്കിന്‍റെ കണക്കുകള്‍ പ്രകാരം, നിലവിൽ 5,60,000-ലധികം വീടുകൾക്കും സ്ഥാപനങ്ങൾക്കും വൈദ്യുതി ലഭ്യമല്ല.
ഇതുവരെ വൈദ്യുതി അടിസ്ഥാനസൗകര്യങ്ങൾക്കു വ്യാപകമായ, വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായി ESB ഒരു പ്രസ്താവനയിൽ അറിയിച്ചു. സ്റ്റോം Éowyn രാജ്യത്ത് വ്യാപകമാകുന്നതിനാല്‍ കൂടുതൽ വൈദ്യുതി മുടക്കങ്ങൾ ഉണ്ടായേക്കാമെന്ന് പ്രതീക്ഷിക്കുന്നതായും വൈദ്യുതി വിതരണ കമ്പനി വ്യക്തമാക്കി. സുരക്ഷിതമായ സാഹചര്യം ഉറപ്പുവരുത്തിയതിന് ശേഷം മാത്രം പ്രവർത്തകർ നാശനഷ്ടങ്ങൾ പരിഹരിക്കാൻ നിയോഗിക്കപ്പെടുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്ത് കൊടുംങ്കാറ്റ് ശക്തമായി ആഞ്ഞടിക്കുന്ന സാഹചര്യത്തിൽ വിവിധ കൌണ്ടികളില്‍ റെഡ് വിൻഡ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കാർലോ, കിൽകെന്നി, വെക്സ്ഫോർഡ്, കൊർക്ക്, കെറി, ലിമറിക്ക്, വാട്ടർഫോർഡ് എന്നിവിടങ്ങളില്‍ പുലര്‍ച്ചെ 2 മണിമുതൽ രാവിലെ 10 മണിവരെ മുന്നറിയിപ്പ് പ്രാബല്യത്തിലാണ്. ക്ലയർ, ഗാൽവേ കൌണ്ടികളില്‍ രാവിലെ 3 മണിമുതൽ 12 മണിവരെ മുന്നറിയിപ്പ് തുടരുന്നു.
ലീട്രീം, മയോ, സ്ലൈഗോ എന്നിവിടങ്ങളില്‍ രാവിലെ 4 മണിമുതൽ 12 മണിവരെ മുന്നറിയിപ്പ് നൽകുകയും, കാവൻ, മൊണഹാൻ, ഡബ്ലിൻ, കിൽഡെയർ, ലോസ്, ലോംഗ്ഫോർഡ്, ലൗത്ത്, മീത്ത്, ഒഫാലി, വെസ്റ്റ് മീത്ത്, വിക്ക്ലോ, റോസ്കോമൺ, ടിപ്പററി എന്നിവിടങ്ങളിൽ രാവിലെ 6 മണിമുതൽ 12 മണിവരെ മുന്നറിയിപ്പ് നിലനിൽക്കുകയും ചെയ്യുന്നു.
ഡൊണഗാളിൽ മുന്നറിയിപ്പ് രാവിലെ 7 മണിമുതൽ വൈകുന്നേരം 3 മണിവരെ തുടരും.
ഡബ്ലിൻ വിമാനത്താവളത്തിൽ ഇന്ന് രാവിലെ 100-ലധികം വിമാനങ്ങൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. കൊടുംങ്കാറ്റും കാലാവസ്ഥാ പ്രതിസന്ധിയും വിമാന ഗതാഗതത്തെ കാര്യമായി ബാധിച്ചിരിക്കുകയാണ്.
റോഡ് ഗതാഗതത്തിനും പൊതുഗതാഗതത്തിനും കാര്യമായ തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. റോഡുകളിൽ നിരവധി മരങ്ങൾ വീഴാനുള്ള സാധ്യതയും ഇതോടൊപ്പം മുന്നറിയിപ്പിൽ ഉൾപ്പെടുത്തി.
കോർക്ക് കൗണ്ടി കൗൺസിൽ വിവിധ സ്ഥലങ്ങളിൽ മരം വീഴ്ചകൾ റിപ്പോർട്ട് ചെയ്തതായി അറിയിച്ചു. ഗ്ലെൻഗാരിഫ്, ഇന്നിഷാനൻ, ബാൻഡൻ, മിൽസ്ട്രീറ്റ്, മോഗീലീ, ഗ്രേനാഹ് എന്നിവിടങ്ങളില്‍ വീണ മരങ്ങള്‍ ഗതാഗത തടസ്സങ്ങൾ സൃഷ്ടിച്ചതായി പറയുന്നു.
റെഡ് മുന്നറിയിപ്പ് നിലവിലുള്ള പ്രദേശങ്ങളിൽ ബസ്, ട്രാം, ട്രെയിൻ എന്നീ പൊതുഗതാഗത സംവിധാനങ്ങൾ പ്രവർത്തിക്കില്ലെന്ന് നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റി (NTA) അറിയിച്ചു.
സ്ടോം എയോവിൻ മനുഷ്യജീവിതത്തിനും സ്വത്തുവകള്‍ക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്നതുകൊണ്ട്, ജനങ്ങൾ എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ ആവശ്യമായതല്ലെങ്കിൽ യാത്ര ഒഴിവാക്കുകയും അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.