ഷാരോണ്‍ വധ കേസ് ; ഗ്രീഷ്മയ്ക്ക് വധശിക്ഷ, ഷാരോണിന്റെ അഗാധ പ്രണയമെന്നു കോടതി

പ്രണയംനടിച്ച്‌ കാമുകന്‍ ഷാരോണ്‍ രാജിനെ കീടനാശിനി കലർത്തിയ കഷായം കുടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിർമ്മൽ കുമാറിന് മൂന്ന് വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

തിരുവനന്തപുരം, നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. വധശിക്ഷയ്‌ക്കൊപ്പം രണ്ട് ലക്ഷം രൂപ പിഴയും ഗ്രീഷ്മയ്ക്ക് കോടതി വിധിച്ചു.

ഗ്രീഷ്മയും, മൂന്നാം പ്രതിയായ നിര്‍മ്മല്‍കുമാറും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. തെളിവിന്റെ അഭാവത്തിൽ ഗ്രീഷ്‌മയുടെ അമ്മ സിന്ധുവിനെ വെറുതെവിട്ടു.

ശിക്ഷാവിധി കേള്‍ക്കാൻ ഷാരോണിന്‍റെ മാതാപിതാക്കളും സഹോദരനും കോടതിയിലെത്തി. വിധികേട്ട് ഷാരോണിന്റെ കുടുംബം കോടതിക്ക് അകത്തിരുന്ന് പൊട്ടിക്കരഞ്ഞു.

586 പേജുള്ള വിധിപ്രസ്താവമാണുള്ളത്. ദൃസാക്ഷികൾ ഇല്ലാത്തൊരു കേസിൽ സാഹചര്യതെളിവുകളെ അതിസമർത്ഥമായി ഉപയോഗിച്ച് കൊണ്ട് പ്രതി കുറ്റം ചെയ്തതായി തെളിയിക്കാൻ അന്വേഷണസംഘത്തിനായെന്നു പറഞ്ഞ കോടതി, പോലീസിനെ അഭിനന്ദിച്ചു. മീഡിയ നോക്കിയല്ല മെറിറ്റ് നോക്കിയാണ് വിധി പ്രസ്താവമെന്നും ജഡ്ജി പറഞ്ഞു. അതിവിദഗ്ധമായ കൊലയെന്നാണ് ജഡ്ജി നിരീക്ഷിച്ചത്. പ്രായത്തിന്റെ ഇളവ് ഗ്രീഷ്മയ്ക്ക് നല്‍കാനാവില്ല. കൊല്ലപ്പെട്ട ഷാരോണിനും സമാന പ്രായമാണ് എന്നത് കണക്കിലെടുത്താണിത്. മരണക്കിടക്കയില്‍ പോലും ഷാരോണ്‍ ഗ്രീഷ്മയെ സംശയിച്ചില്ല. പ്രണയത്തിന്റെ ആഴമാണ് വ്യക്തമാക്കുന്നത്. ഗ്രീഷ്മയുടെ സംശയത്തില്‍ നിര്‍ത്താന്‍ ഷാരോണ്‍ തയ്യാറായില്ലെന്നും വിധി പ്രസ്താവത്തില്‍ പറയുന്നു.

നാലുവര്‍ഷമായി പ്രണയത്തിലായിരുന്നു ഷാരോണും ഗ്രീഷ്മയും. ഇരുവരുടെയും പ്രണയം ഗ്രീഷ്മയുടെ വീട്ടിലറിഞ്ഞതോടെ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ഗ്രീഷ്മയോട് കുടുംബം ആവശ്യപ്പെടുകയും മറ്റൊരു വിവാഹാലോചന ഉറപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഷാരോണിനെ ബന്ധത്തില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും ഷാരോണ്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ഗ്രീഷ്മയും കുടുംബവും ഷാരോണിനെ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ പദ്ധതി തയ്യാറാക്കുന്നത്. ഷാരോണിനെ വീട്ടിലേക്ക് ക്ഷണിച്ച ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കുകയായിരുന്നു. ഗ്രീഷ്മയുമായി കണ്ടുമുട്ടി തിരികെ വീട്ടിലേക്ക് പോകുന്നതിനിടെ ഷാരോണ്‍ ഛര്‍ദ്ദിച്ച് അവശനാകുകയും ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പതിനൊന്ന് ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ഷാരോണ്‍ മരണത്തിന് കീഴടങ്ങുന്നത്.

ആൺ സുഹൃത്തായ ഷാരോണ്‍രാജിനെ ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തിനല്‍കി കൊലപ്പെടുത്തിയെന്നായിരുന്നു കുറ്റപത്രം. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഒക്ടോബര്‍ 14-ന് ഷാരോണ്‍ രാജിനെ ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25-നാണ് ഷാരോണ്‍ മരിച്ചത്. പാറശ്ശാലയ്ക്കു സമീപം സമുദായപ്പറ്റ് ജെ.പി. ഭവനില്‍ ജയരാജിന്റെ മകനാണ് ഷാരോണ്‍. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജ് ഓഫ് അലൈഡ് ഹെല്‍ത്തില്‍ ബി.എസ്സി. റേഡിയോളജി അവസാനവര്‍ഷ വിദ്യാര്‍ഥിയായിരുന്നു.

Share this news

Leave a Reply

%d bloggers like this: