സത്ഗമയ മകരവിളക്ക് മഹോത്സവം ഭക്തിസാന്ദ്രമായി

അയർലണ്ടിലെ ആദ്യ ഹിന്ദുമലയാളി കൂട്ടായ്മയായ സത്ഗമയ സത്സംഘിന്റെ നേതൃതത്തിൽ മകരവിളക്ക് മഹോത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു. കൊടുംതണുപ്പിനെപ്പോലും അവഗണിച്ച് വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ ആയിരത്തോളം  അയ്യപ്പഭക്തരുടെ ശരണം വിളികളാൽ മുഖരിതമായ ക്ഷേത്രാങ്കണം മറ്റൊരു അയ്യപ്പസന്നിധാനമായി മാറുകയായിരുന്നു. ശബരിമലക്ഷേത്രത്തിന്റെ മാതൃകയിൽ നിർമ്മിച്ച ക്ഷേത്രവും കൊടിമരവും പതിനെട്ടാം പടിയും ഇതുവരെ അയർലണ്ട് കാണാത്ത ഒരു മകരവിളക്ക് മഹോത്സവത്തിനാണ് സത്ഗമയ ഈ വർഷം  വേദിയൊരുക്കിയത്. ഭക്തകണ്ഠങ്ങളിൽ നിന്നൊരേസ്വരത്തിലുയർന്ന ‘സ്വാമിയേ ശരണമയ്യപ്പാ’ എന്ന ശരണഘോഷങ്ങൾ, ജാതിയും മതവും മറന്നു മനുഷ്യനൊന്നാണെന്ന സത്യം
ഏഴുകടലുകൾക്കിപ്പുറവും പ്രവാസികൾ ഉറക്കെ വിളിച്ചോതുന്ന അപൂർവ്വ കാഴ്ചയാണ് ദൃശ്യമായത്.
ഡബ്ലിൻ VHCCI ക്ഷേത്രത്തിൽ രാവിലെ ബ്രഹ്മശ്രീ ഇടശ്ശേരി രാമൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്ന കൊടിയേറ്റ് ചടങ്ങോടെ ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു.
ഉഷപൂജ, നെയ്യഭിഷേകം, പൂരുഷസൂക്തം , ഭാഗ്യസൂക്തം, നീരാഞ്ജനം, ഉച്ചപൂജ, പടിപൂജ, പടിപ്പാട്ട് എന്നിവയിൽ  പങ്കുചേർന്ന്   മഹാദീപാരാധനയും മകരവിളക്കും കണ്ട് അയ്യപ്പഭക്തർ ദർശന സായൂജ്യം നേടി. പൂജകൾക്ക് അകമ്പടിയായി നടന്ന  സത്ഗമയ ഭജൻസിന്റെ മുതിർന്നവരുടെയും കുട്ടികളുടെയും  ഭക്തിഗാനസുധ ക്ഷേത്രാങ്കണം ഭക്തിസാന്ദ്രമാക്കി.

കഴിഞ്ഞ വർഷം അയർലണ്ടിൽ അയ്യപ്പസ്വാമിക്കായ് സമർപ്പിച്ച ‘അയ്യാ എന്നയ്യാ’ എന്ന ഭക്തിഗാനത്തിന്റെയും മറ്റു ഭക്തിഗാനങ്ങളുടെയും  നൃത്താവിഷ്കാരവും,ചിന്തുപാട്ടും സപ്തസ്വര ടീം പ്രസ്തുത വേദിയിൽ അവതരിപ്പിച്ചത് ആഘോഷപരിപാടികൾക്ക് കൂടുതൽ ചാരുത പകർന്നു. ശബരിമല മാതൃകയിൽ ക്ഷേത്രം നിർമ്മിയ്ക്കാൻ മുൻകൈ എടുത്ത പ്രിയൻ ഇലവുങ്കൽ ,രമ്യാ പ്രിയൻ ,നിധിൻ മോഹനൻ എന്നിവരെ വേദിയിൽ വച്ച് പൊന്നാട അണിയിച്ച് ആദരിച്ചു . ഉച്ചയ്ക്ക് ശേഷം നടന്ന പ്രസാദവിതരണത്തോടെയും അന്നദാനത്തോടെയും ആഘോഷപരിപാടികൾ സമംഗളം പര്യവസാനിച്ചു.
ആഘോഷപരിപാടികൾ, Vedic Hindu Cultural Centre Ireland ഉം  ITWA യുമായി ചേർന്ന് സംയുക്തമായാണ് ഈ വർഷം  നടത്തിയത്.
സത്ഗമയുടെ തുടർ പരിപാടികളിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നവർ താഴെപറയുന്ന നമ്പരുകളിൽ ബന്ധപ്പെടുക
0873226832, 0877818318, 0871320706

 

Share this news

Leave a Reply

%d bloggers like this: