റിപ്പബ്ലിക് ഓഫ് അയർലൻഡ് വനിതാ ദേശീയ ടീമിലെ മുന്‍ ക്യാപ്റ്റന്‍ ഡയാൻ കാൾഡ്വെൽ 102 മത്സരങ്ങളുടെ അനുഭവ സമ്പത്തിനു ശേഷം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.
അയർലൻഡിനായി അണ്ടർ-17, അണ്ടർ 19 ലെവലിൽ കളിച്ച കാൾഡ്വെൽ, 2006-ൽ ആണ് സീനിയര്‍ ടീമിലേക്ക് സെലെക്ഷന്‍ കിട്ടിയത്. ഡെന്മാർക്കിനെതിരായി അൽഗാർവ് കപ്പിലായിരുന്നു അരങ്ങേറ്റ മത്സരം.
ബാൽബ്രിഗൻ സ്വദേശിയായ കാൾഡ്വെൽ തൻ്റെ അന്താരാഷ്ട്ര കരിയറിൽ അയര്‍ലണ്ടിനു വേണ്ടി നാല് ഗോളുകൾ നേടി, അതിൽ ആദ്യത്തേത് 2013 മാർച്ചിൽ നോർത്തേൺ അയർലൻഡിനെതിരെയാണ്, അതിനുശേഷം ഗ്രീസ്, മോണ്ടിനെഗ്രോ, ജോർജിയ എന്നിവയ്‌ക്കെതിരെ ഗോളുകൾ നേടി.
2023 ഫിഫ വനിതാ ലോകകപ്പിന് യോഗ്യത നേടി ചരിത്രം സൃഷ്ടിച്ച ടീമിൻ്റെ ഭാഗമായിരുന്നു കാൾഡ്വെൽ, ബ്രിസ്‌ബേനിൽ നടന്ന നൈജീരിയയുമായുള്ള 0-0 സമനിലയിലായ മത്സരത്തില്‍ അവർ പങ്കെടുത്തു.
2023 ഒക്ടോബറിൽ, കാൾഡ്വെൽ തന്റെ ഫുട്ബോൾ കരിയറിലെ അഭിമാനകരമായ നിമിഷം കൈവരിച്ചു. താല്ല സ്റ്റേഡിയത്തിൽ നടന്ന അൽബേനിയക്കെതിരായ മത്സരത്തിൽ, ക്യാപ്റ്റനായി ടീമിനെ നയിച്ചുകൊണ്ട് 5-1 എന്ന തകര്‍പ്പന്‍ ജയത്തിന് വഴിയൊരുക്കി, തന്റെ 100-ാമത്തെ മൽസരം കളിച്ച് വനിതാ സെഞ്ചുറിയൻ ക്ലബിലെ ഏഴാമത്തെ അംഗവുമായി.
36-കാരിയായ കാൾഡ്വെൽ കാനഡ, യുകെ, നോർവെ തുടങ്ങിയ രാജ്യങ്ങളിൽ ക്ലബ് ഫുട്ബോൾ കളിച്ചിട്ടുണ്ട്. ഇപ്പോൾ അവർ സ്വിസ് നാഷണൽ ലീഗിൽ സ്യൂറിച്ച്ന് വേണ്ടി കളിക്കുന്നു.