ഡബ്ലിനിലെ ബ്ലാഞ്ചാർഡ്സ്ടൗൺ റോഡില്‍ നടന്ന വാഹനാപകടത്തില്‍, കാല്‍നടയാത്രക്കാരായ ദമ്പതികള്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഗാര്‍ഡ ഒരാൾക്കെതിരെ കുറ്റം ചുമത്തി. പ്രതിയെ തിങ്കളാഴ്ച ഡബ്ലിനിലെ ക്രിമിനൽ കോടതിയില്‍ ഹാജരാക്കും.
സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെയും ഗാർഡാ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ സ്ത്രീയെ നിലവിൽ ഡബ്ലിനിലെ ഗാർഡാ സ്റ്റേഷനിൽ ചോദ്യം ചെയ്ത് വരികയാണ്.
ആന്റണി ഹോഗ് (40) ജോർജീന ഹോഗ് മൂർ (30) എന്നിവരാണ് വ്യാഴാഴ്ച വൈകീട്ട് നടന്ന അപകടത്തില്‍ മരിച്ചത്. ഇവരെ ഇടിച്ചിട്ട് വാഹനം നിര്‍ത്താതെ പോവുകയായിരുന്നു.
ജോർജിനാ ഹോഗ് മൂറിനെ സംഭവസ്ഥലത്തുതന്നെ മരിച്ച നിലയിൽ കണ്ടെത്തി. ആന്റണി ഹോഗ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചു.
അപകടത്തെക്കുറിച്ച് എന്തെങ്കിലും വിവരം ഉള്ളവർ ഗാർഡായുമായി ബന്ധപ്പെടണമെന്ന് വീണ്ടും ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.