ക്രിസ്മസിന്റെ മുന്നോടിയായി നിരവധി ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ടെക്സ്റ്റ് സന്ദേശ തട്ടിപ്പുകള്‍ റിപ്പോർട്ട് ചെയ്തതായി ഗാർഡായി അറിയിച്ചു.
ബാങ്കുകൾ, ഡെലിവറി കമ്പനികൾ, കോറിയർ സേവനങ്ങൾ, യൂട്ടിലിറ്റി പ്രൊവൈഡറുകൾ, സർക്കാരിന്റെ ഏജൻസികൾ എന്നിവയുടെ പേരിൽ പ്രവർത്തിക്കുന്ന നിരവധി സ്മിഷിംഗ് തട്ടിപ്പുകള്‍ ഇപ്പോൾ വ്യാപകമായിരിക്കുകയാണ്.
ഗാർഡാ നാഷണൽ ഇക്കണോമിക് ക്രൈം ബ്യൂറോ (GNECB) ഉദ്യോഗസ്ഥർ ബാങ്ക് ഉപഭോക്താക്കളോട് കൂടുതൽ ജാഗ്രത പുലർത്താൻ നിർദേശിച്ചു. വ്യാജ ടെക്സ്റ്റ് സന്ദേശങ്ങൾക്ക് പ്രതികരിച്ച ഉപഭോക്താക്കൾ ഉടൻ തന്നെ അവരുടെ ബാങ്കുമായി ബന്ധപ്പെടാൻ നിർദ്ദേശിച്ചു.
തട്ടിപ്പുകാര്‍ ഉപഭോക്താക്കളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാൻ എന്ന വ്യാജേനയാണ് ബന്ധപെടുക.
ജനങ്ങള്‍ പരിചയമില്ലാത്ത ഉറവിടങ്ങളില്‍ നിന്നും ലഭിക്കുന്ന ടെക്സ്റ്റുകൾക്കും, മുൻപ് അയച്ച ടെക്സ്റ്റുകളുടെ ത്രെഡിലുടെ പ്രത്യക്ഷപ്പെടുന്ന അസാധാരണമായ അഭ്യർത്ഥനകൾക്കും എതിരെ ജാഗ്രത പുലർത്തേണ്ടതാണെന്ന്, An Garda Síochána പറഞ്ഞു.
ടെക്സ്റ്റ് സന്ദേശങ്ങളിൽ നിന്നുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.ഫോൺ നമ്പറുകളിൽ വിളിക്കരുത്. സ്വകാര്യ വിവരങ്ങൾ (ബാങ്ക് വിവരങ്ങൾ, പിന്‍ കോഡുകൾ, പാസ് വേര്‍ഡ്‌കൾ, OTP, PPS നമ്പർ, Eirകോഡ് എന്നിവ) നൽകരുത് എന്ന് ഗാര്‍ഡ പൊതുജനങ്ങളോട് നിര്‍ദേശിച്ചു.
പണം കൈമാറാൻ ആവശ്യപ്പെടുന്ന സന്ദേശങ്ങൾ ഒഴിവാക്കാനും തട്ടിപ്പുകാര്‍ നല്‍കുന്ന അപ്പുകള്‍ ഡൌണ്‍ലോഡ് ചെയ്യരുതെന്നും ഗാര്‍ഡ അറിയിച്ചു.
എന്തെങ്കിലും സംശയാസ്പദമായ സംഭവങ്ങൾ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ റിപ്പോർട്ട് ചെയ്യണമെന്ന് ഗാർഡ അറിയിച്ചു.