ഇറ്റലിയിലെ ഫ്ലോറൻസിൽ പ്രമുഖമായ മെഡിച്ചി രഹസ്യ പാത നവീകരണ പ്രവര്‍ത്തനങ്ങള്‍ ക്കു ശേഷം പൊതുജനങ്ങൾക്കായി വീണ്ടും തുറന്നു കൊടുത്തു.
മെഡിച്ചി കുടുംബത്തിന് നഗരമധ്യത്തിൽ തടസമില്ലാതെ സഞ്ചരിക്കാൻ അനുവദിക്കുന്നതിനായി 500 വർഷം മുമ്പ് നിർമ്മിച്ച രഹസ്യപാത, €10 മില്യൺ ചെലവിലാണ് നവീകരണത്തിന് ശേഷം പൊതുജനങ്ങൾക്കായി വീണ്ടും തുറന്നത്.
700 മീറ്ററിലധികം നീളമുള്ള വസാരി കൊറിഡോർ, പ്രശസ്തമായ പോണ്ടെ വെക്കിയോ പാലത്തിന്റെ മുകളിലൂടെയാണ് കടന്നുപോകുന്നത്. 1565-ൽ ഡ്യൂക്ക് കോസിമോ ഒന്നാമന്‍ തന്റെ മകന്റെ വിവാഹം ആഘോഷിക്കുന്നതിനായി നിര്‍മ്മിച്ചതാണ് ഈ പാത. ഇറ്റാലിയൻ വാസ്തുശില്പിയായ ജോർജിയോ വസാരി ക്കായിരുന്നു നിര്‍മാണ ചുമതല.
ഉഫിസി ഗാലറികൾ എന്നറിയപ്പെടുന്ന സ്ഥലത്ത് ആരംഭിക്കുന്ന ഈ പാത പിത്തി പാലസില്‍ ആണ് അവസാനിക്കുന്നത്. 73 കിളിവാതിലുകൾ ഉള്ള ഈ പാത യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ഫ്ലോറൻസിന്റെ നഗരമധ്യത്തിന്‍റെ മനോഹര കാഴ്ചകൾ കാണാൻ അവസരമൊരുക്കുന്നു.
വസാരി കൊറിഡോർ 1970-കളിൽ ഉഫിസി യുടെ സെല്‍ഫ്-പോര്‍ട്രൈറ്റ്‌കളുടെ ശേഖരം നിലനിർത്തുന്നതിനായി ഉപയോഗിച്ചിരുന്നു.
2016-ൽ സുരക്ഷാ മാനദണ്ഡങ്ങൾ പുതുക്കുന്നതിനായി ഇത് അടച്ചുപൂട്ടുകയും 2022-ൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തിയ നവീകരണ പ്രവർത്തനങ്ങളിൽ ഭിന്ന ശേഷിക്കാര്‍ക്കായുള്ള സൌകര്യങ്ങള്‍ , എമര്‍ജന്‍സി എക്സിറ്റ , ശൗചാലയങ്ങൾ, എൽഇഡി ലൈറ്റുകൾ, CCTV നിരീക്ഷണം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.