അയര്‍ലണ്ടില്‍ 2025 ല്‍ വരാനിരിക്കുന്ന പെൻഷൻ ഓട്ടോ-എൻറോള്മെന്റ് സ്കീം സമൂഹത്തില്‍ അസമത്വം സൃഷ്ടിക്കുമെന്ന് നാഷണൽ വിമൻസ് കൗൺസിൽ (NWC) പുറത്തു വിട്ട പുതിയ റിപ്പോർട്ടില്‍ പറയുന്നു.
സ്ത്രീകൾ നേരിടുന്ന ഘടനാപരമായ പെൻഷൻ അസമത്വങ്ങൾ പരിഹരിക്കാൻ ഈ പദ്ധതിക്കു കഴിയില്ലെന്നും, ചില സാഹചര്യങ്ങളിൽ അവ വഷളാകാനും സാധ്യതയുണ്ടെന്ന് പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. “സ്റ്റിൽ സ്റ്റക്ക് ഇൻ ദ ഗാപ്പ് – പെൻഷൻ ഓട്ടോ-എൻറോള്മെന്റ് ഫ്രം എ ജെൻഡർ ആൻഡ് കെയർ ലെൻസ്” എന്ന ഗവേഷണ റിപ്പോര്‍ട്ട് 2024 ഡിസംബർ 11 നാണ് പ്രകാശനം ചെയ്തത്.
2025 സെപ്റ്റംബർ മുതൽ ആരംഭിക്കുന്ന പെൻഷൻ ഓട്ടോ-എൻറോള്മെന്റ്, 1960കളിലെ വിപുലമായ പരിഷ്കാരത്തിനു ശേഷം ഐറിഷ് പെൻഷൻ വ്യവസ്ഥയിലുണ്ടാകുന്ന ഏറ്റവും വലിയ മാറ്റമാണെന്ന് കരുതപ്പെടുന്നു. തൊഴിലാളി പെൻഷൻ പരിധി വർധിപ്പിക്കുമെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചത്.
രാജ്യത്ത് നിലവിലെ Gender Pension Gap 35% ആണ്. പുതിയ ഓട്ടോ-എൻറോള്മെന്റ് സ്കീം തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്കിടയിൽ പെൻഷൻ പരിധി വർധിപ്പിച്ചേക്കുമെങ്കിലും, ഇത് Gender Pension Gap പരിഹരിക്കാനുള്ള സാധ്യത കുറവാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
സ്ത്രീകൾക്ക് പ്രതിഫലം ലഭിക്കുന്ന ജോലിയിൽ നിന്ന് ഇടവേള എടുക്കേണ്ടി വരുന്നത് കൂടുതലായും പ്രതിഫലമില്ലാത്ത പരിചരണ ജോലികൾ ഏറ്റെടുക്കുന്നതിനാലാണ്. കൂടാതെ, അവർ കൂടുതലായും കുറഞ്ഞ വേതനമുള്ളതും, പാര്‍ട്ട് ടൈം തൊഴിൽ മേഖലകളിലും പ്രവർത്തിക്കുന്നതിനാൽ, തൊഴിൽ പെൻഷനിലേക്ക് നൽകിയ സംഭാവന വളരെ കുറവായിരിക്കും. ഇത് പെന്‍ഷന്‍ വിടവ് വര്‍ദ്ധിപ്പിക്കുമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
പുതിയ പെന്‍ഷന്‍ പദ്ധതി കുറഞ്ഞ വേതനമുള്ള, ഭാഗിക സമയ ജോലിക്കാരുടേയും പ്രതിഫലം ലഭിക്കാത്തവരുടേയും പെൻഷനിൽ പുരോഗതി ഉണ്ടാക്കാന്‍ സാധ്യതയില്ല. ഇതോടെ നിലവിൽ തന്നെ വലിയ അന്തരമുള്ള gender pension gap കുറയ്ക്കുന്നതിനു പകരം കൂട്ടുന്ന ദിശയിലേക്കാണ് നാം നീങ്ങുന്നത്.
പെൻഷൻ വ്യവസ്ഥയിലെ ഘടനാപരമായ അസമത്വങ്ങൾ പരിഹരിക്കാനും, എല്ലാ പൗരൻമാർക്കും മതിയായ സാർവത്രിക പെൻഷൻ (Universal Pension) വികസിപ്പിക്കുന്നതിനായി അടുത്ത സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് NWC റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.