16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗം നിരോധിച്ച് കർശന നിയമം പാസാക്കി ഓസ്‌ട്രേലിയ

കൗമാരക്കാരില്‍ സാമൂഹികമാധ്യമ ഉപയോഗം കുറയ്ക്കാനുള്ള നിര്‍ണായക നിയമം പാസാക്കി ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയൻ പാർലമെന്റിന്റെ ഇരുസഭകളും, 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കാൻ പാടില്ലെന്ന് വ്യക്തമാക്കുന്ന ബിൽ പാസാക്കി. ഫെയ്‌സ്ബുക്ക്, എക്‌സ്, ഇന്‍സ്റ്റഗ്രാം പോലുള്ള സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിൽ 16 വയസ്സിന് താഴെയുള്ളവരെ ഒഴിവാക്കാൻ കമ്പനികൾ നടപടികൾ സ്വീകരിക്കണമെന്ന് ബിൽ ആവശ്യപ്പെടുന്നു.

വ്യവസ്ഥകള്‍ ലംഘിക്കുന്ന പക്ഷം അഞ്ചുകോടി ഓസ്‌ട്രേലിയന്‍ ഡോളര്‍ ( 3.1 കോടി യൂറോ) ആണ് പിഴ.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബില്ല് പാര്‍ലമെന്റിന്റെ ഇരുസഭകളും കടന്നത് എന്നത് ശ്രദ്ധേയമാണ്. കുട്ടികളിലെ സാമൂഹികമാധ്യമങ്ങളുടെ അമിതമായ ഉപയോഗം അവിടെ രക്ഷിതാക്കളുടെ വലിയ ആശങ്കകളില്‍ ഒന്നാണ്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിന്റെ നീക്കത്തിന് രക്ഷിതാക്കളുടെ പിന്തുണയുമുണ്ട്.

എന്നാല്‍ കൗമാരക്കാര്‍ക്കിടയില്‍ ഇക്കാര്യത്തില്‍ അതൃപ്തിയുണ്ട്. പലരും നിയന്ത്രണം മറികടക്കാന്‍ മറ്റ് വഴികള്‍ നോക്കുമെന്നാണ് പറയുന്നത്. പുസ്തകങ്ങളില്‍ നിന്ന് മാത്രം എല്ലാം ലഭിക്കില്ലെന്നും കുട്ടികളും കൗമാരക്കാരും ഇത്തരം സാങ്കേതികവിദ്യയെ കുറിച്ച് അറിഞ്ഞിരിക്കണമെന്നുമാണ് ഇവരുടെ നിലപാട്.

ഈ നിയമം ലോകത്ത് ഏറ്റവും കടുത്ത സാമൂഹികമാധ്യമ നിയന്ത്രണങ്ങളിൽപ്പെടുന്നു, എങ്കിലും അത് എങ്ങനെ നടപ്പിലാക്കുമെന്ന് ബിൽ വ്യക്തമാക്കുന്നില്ല. ഇതിലൂടെ നിയമം നടപ്പിലാകുന്നത് എത്രത്തോളം കാര്യക്ഷമമാകുമെന്നാണ്  നിരീക്ഷകരുടെ അഭിപ്രായം.

Share this news

Leave a Reply

%d bloggers like this: