ഭിന്നശേഷിക്കാരന് വീട് വാടകയ്ക്ക് നല്‍കാന്‍ വിസമ്മതിച്ച വീട്ടുടമയോട് 5,000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് Workplace Relations Commission (WRC). ഗോള്‍വേയില്‍ താമസിക്കുന്ന വീട്ടുടമയായ Patricia Geraghty-യോടാണ് ഭിന്നശേഷിക്കാരനായ പരാതിക്കാരന്‍ Frank Zimmermann-ന് വിവേചനം കാണിച്ചതിന് പകരമായി നഷ്ടപരിഹാരം നല്‍കാന്‍ WRC ഉത്തരവിട്ടത്. ജോലിക്കാരായ ആളുകള്‍ക്ക് മാത്രമേ വീട് വാടകയ്ക്ക് നല്‍കൂ എന്ന് വീട്ടുടമ പറഞ്ഞത് Equal Status Act 2000-ന്റെ ലംഘനമാണെന്നും WRC വ്യക്തമാക്കി.
Housing Assistance Payment ലഭിക്കുന്നയാളാണ് എന്ന കാരണത്താലാണ് തനിക്ക് വീട് വാടകയ്ക്ക് നല്‍കാതിരുന്നതെന്ന് പരാതിക്കാരനായ Zimmermann കമ്മീഷനില്‍ പറഞ്ഞിരുന്നു. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ രോഗിയായതിനാല്‍ disability benefit-ഉം ലഭിക്കുന്നുണ്ടായിരുന്നു. വീട് വാടകയ്ക്ക് ലഭിക്കുന്നതിനായി കണ്ട പരസ്യം വഴി വീട്ടുടമയെ ബന്ധപ്പെട്ട് കാര്യങ്ങളെല്ലാം കൃത്യമായി ബോധിപ്പിക്കുകയും, വാടക നല്‍കാനുള്ള സാമ്പത്തികശേഷിയുണ്ടെന്ന് രേഖകള്‍ സഹിതം പറയുകയും ചെയ്‌തെങ്കിലും വീട് നല്‍കാന്‍ ഉടമയായ Geraghty തയ്യാറായില്ല.
അതേസമയം WRC-യില്‍ സെപ്റ്റംബറില്‍ നടന്ന വാദം കേള്‍ക്കാന്‍ Geraghty എത്തിയിരുന്നില്ല. ഹാജരാകാത്തതിന് അവര്‍ വിശദീകരണം നല്‍കിയില്ലെന്ന് നിരീക്ഷിച്ച കമ്മീഷന്‍, പരാതിക്കാന്‍ ഭിന്നശേഷിക്കാരനാണ് എന്നതും, HAP ലഭിക്കുന്നയാളാണ് എന്നതും വീട് വാടകയ്ക്ക് നല്‍കുന്നതില്‍ നിന്നും ഉടമയെ പിന്തിരിപ്പിച്ചു എന്നാണ് മനസിലാക്കുന്നതെന്ന് വ്യക്തമാക്കി. ഇത് വിവേചനപരമാണ് എന്നും വ്യക്തമാക്കിയ ശേഷമാണ് നഷ്ടപരിഹാരമായി 5,000 യൂറോ നല്‍കാന്‍ ഉത്തരവിട്ടത്.