അയർലണ്ട് ഇന്ന് പോളിംഗ് ബൂത്തിലേക്ക്; തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം

മൂന്നാഴ്ച നീണ്ടുനിന്ന പ്രചാരണങ്ങള്‍ക്ക് ശേഷം അയര്‍ലണ്ട് ഇന്ന് പോളിങ് ബൂത്തിലേയ്ക്ക്. രാവിലെ 7 മണിക്ക് തുറന്ന പോളിങ് ബൂത്തുകളില്‍ ഇന്ന് രാത്രി 10 മണി വരെ വോട്ട് രേഖപ്പെടുത്താം. 43 മണ്ഡലങ്ങളിലായി 174 പാര്‍ലമെന്റ് സീറ്റുകളാണ് രാജ്യത്തുള്ളത്.

ഏകദേശം 30 ലക്ഷത്തോളം പേര്‍ ഇത്തവണ വോട്ട് രേഖപ്പെടുത്താന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭവനപ്രതിസന്ധി, ജീവിതച്ചെലവ് വര്‍ദ്ധന, കുടിയേറ്റപ്രശ്‌നങ്ങള്‍, ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണക്കുറവ്, ചൈല്‍ഡ് കെയര്‍ ചെലവ് വര്‍ദ്ധന എന്നിങ്ങനെ ഒട്ടനവധി പ്രശ്‌നങ്ങളാണ് ഈ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നത്.

അതേസമയം രാജ്യത്തെ പ്രധാനപ്പെട്ട മൂന്ന് പാര്‍ട്ടികളായ Fine Gael, Fianna Fail, Sinn Fein എന്നിവര്‍ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും നടത്തുകയെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കിയത്. Red C-Business Post-ന്റെ സര്‍വേയില്‍ Fianna Fail 21%, Fine Gael 20%, Sinn Fein 20% എന്നിങ്ങനെയാണ് പാര്‍ട്ടികള്‍ക്കുള്ള ജനപിന്തുണ. കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് പ്രതിപക്ഷമായിരുന്ന Sinn Fein-ന് ഒരു ഘട്ടത്തില്‍ വന്‍ ജനപിന്തുണയുണ്ടായിരുന്നെങ്കിലും പിന്നീടത് വലിയ രീതിയില്‍ കുറയുകയായിരുന്നു. ശേഷം തെരഞ്ഞെടുപ്പിനോട് അടുത്ത ദിനങ്ങളിലാണ് പിന്തുണയില്‍ വര്‍ദ്ധനയുണ്ടായത്. ഇതോടെ നേരത്തെ വലിയ വിജയപ്രതീക്ഷയുണ്ടായിരുന്ന Fine Gael, Fianna Fail എന്നിവര്‍ക്ക് Sinn Fein കാര്യമായ വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്.

പോളിങ് അവസാനിച്ച് 10 മണിക്ക് ശേഷം RTE എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടുമെന്ന് അറിയിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: