കാര്‍ വാങ്ങാനെത്തിയ ആളെന്ന വ്യാജേന കോര്‍ക്കിലെ ഡീലറില്‍ നിന്നും ബിഎംബ്ല്യു കാര്‍ തട്ടിയെടുത്തു. ഇതേ ആള്‍ കൗണ്ടി വിക്ക്‌ലോയില്‍ നിന്നും രണ്ട് കാറുകള്‍ കൂടി തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി. നേരത്തെ നടന്ന സംഭവത്തില്‍ ഗാര്‍ഡ എടുത്ത കേസിന്റെ വിചാരണ കോടതിയില്‍ നടക്കവേയാണ് വിശദാംശങ്ങള്‍ ലഭ്യമായത്.
കാറിന്റെ വില ബാങ്കിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കാണിക്കുന്ന സ്‌ക്രീന്‍ഷോട്ട് ഫോട്ടോഷോപ്പ് വഴി ഉണ്ടാക്കിയാണ് 23-കാരനായ പ്രതി തട്ടിപ്പ് നടത്തിയത്.
2023 നവംബര്‍ 14-ന് കൗണ്ടി വിക്ക്‌ലോയിലെ Rathnew-വിലുള്ള Ashford Motors-ല്‍ വിളിച്ച പ്രതി, രണ്ട് ബിഎംഡബ്ല്യു കാറുകള്‍ വാങ്ങാമെന്ന് പറഞ്ഞത് അവയുടെ തുക ബാങ്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി സ്‌ക്രീന്‍ഷോട്ട് അയച്ച് നല്‍കിയിരുന്നു. എന്നാല്‍ പണം അക്കൗണ്ടില്‍ ലഭിച്ചില്ല എന്ന ഡീലര്‍ അറിയിച്ചതോടെ ഇയാള്‍ക്ക് കാറുകള്‍ കിട്ടിയില്ല. ആറ് ദിവസത്തിന് ശേഷം കോര്‍ക്കിലെ Mallow-യിലുള്ള ഡീലറായ CMC Car Sales-ല്‍ നിന്നും 28,950 യൂറോ വിലവരുന്ന ഒരു ബിഎംഡബ്ല്യു കാര്‍ വാങ്ങാനെത്തിയ ഇയാള്‍ സമാനമായി പണം അയച്ചതായി സ്‌ക്രീന്‍ഷോട്ട് നല്‍കി. ശേഷം ടെസ്റ്റ് ഡ്രൈവിനെന്ന് പറഞ്ഞ് കാര്‍ കൊണ്ടുപോകുകയും, തിരിച്ചെത്താതിരിക്കുകയുമായിരുന്നു.
രജിസ്‌ട്രേഷന്‍ നമ്പര്‍ മാറ്റിയ കാര്‍ പിന്നീട് Co Westmeath-ലെ Mullingar-ല്‍ നിന്ന് ഗാര്‍ഡ കണ്ടെത്തി. കാര്‍ പാര്‍ട്ട്‌സുകളാക്കി വില്‍ക്കാനായിരുന്നു ശ്രമം. എന്നാല്‍ അതിന് മുമ്പ് പ്രതി അറസ്റ്റിലായി.
പ്രതിക്കുള്ള ശിക്ഷ മാര്‍ച്ചില്‍ വിധിക്കും.