ഐറിഷ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ഫൈറ്ററും, നടനുമായ Conor McGregor-ന് ലൈംഗികാതിക്രമ കേസില്‍ തിരിച്ചടി. ഹൈക്കോടതിയില്‍ നടന്നുവരുന്ന വിചാരണയില്‍ ഡബ്ലിന്‍ ഹോട്ടലില്‍ വച്ചുണ്ടായ ആക്രമണത്തില്‍ ഇരയ്ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്ക് McGregor കാരണക്കാരനാണെന്ന് ജൂറി വിലയിരുത്തി. നാശനഷ്ടങ്ങള്‍ ഉണ്ടാക്കി എന്ന സിവില്‍ കേസിലാണ് ജൂറി പരാതിക്കാരിയായ നികിത ഹാന്‍ഡിന് അനുകൂലമായി വിധിച്ചത്. ഒപ്പം 248,603.60 യൂറോ നഷ്ടപരിഹാരം നല്‍കാനും വിധിച്ചിട്ടുണ്ട്.
കുടുംബത്തിനും, പിന്തുണയ്ക്കുന്നവര്‍ക്കും, കാമുകനും ഒപ്പമാണ് പരാതിക്കാരിയായ ഹാന്‍ഡ് കോടതിയില്‍ വെള്ളിയാഴ്ച വിധി കേള്‍ക്കാനെത്തിയത്.
2018-ല്‍ ഡബ്ലിനിലെ ഒരു ഹോട്ടലില്‍ വച്ച് McGregor, പരാതിക്കാരിയെ ക്രൂരമായി െൈലഗികോപദ്രവം ചെയ്തു എന്നായിരുന്നു കേസ്. എന്നാല്‍ McGregor ഇത് നിഷേധിക്കുകയും, പരസ്പര സമ്മതത്തോടെയായിരുന്നു ബന്ധം എന്ന് വാദിക്കുകയും ചെയ്തിരുന്നു. എട്ട് ദിവസം നീണ്ട തെളിവെടുപ്പിനും, മൂന്ന് ദിവസം നീണ്ട വാദത്തിനും ശേഷം എട്ട് സ്ത്രീകളും, നാല് പുരുഷന്മാരും അടങ്ങിയ ജൂറിയാണ് McGregor കുറ്റക്കാരനാണെന്ന് വിധിച്ചത്. അതിക്രമത്തിനിടെ പരാതിക്കാരിക്ക് അനവധി പരിക്കുകളും ഏറ്റിരുന്നു. പിന്നീട് ഇവര്‍ക്ക് post-traumatic stress disorder (PTSD) വരികയും ചെയ്തു.
സംഭവത്തിന് ശേഷം Rotunda Hospital-ല്‍ ചികിത്സ നേടിയ പരാതിക്കാരിയുടെ ശരീരത്തിലെ പരിക്കുകള്‍ കണ്ട് നഴ്‌സ് പറഞ്ഞത്, ‘വളരെക്കാലത്തിന് ശേഷമാണ് ഇത്രയേറെ പരിക്കുകളുമായി ഒരാളെ കാണുന്നത്’ എന്നായിരുന്നു.
സംഭവത്തിന് ശേഷം പരാതിക്കാരിയുടെ പങ്കാളി പിരിയുകയും, അവര്‍ക്ക് ജോലിക്ക് പോകാന്‍ സാധിക്കാതെ വരികയും ചെയ്തിരുന്നു. ഇവര്‍ക്ക് ഒരു മകളുമുണ്ട്. പണമില്ലാത്തത് കാരണം കൗണ്‍സിലിങ്ങും നിര്‍ത്തേണ്ടിവന്നു.
അതേസമയം വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് Conor McGregor സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു.
ലൈംഗികമായ അതിക്രമം എന്ന നിലയില്‍ സിവില്‍ കോടതിയിലാണ് ഈ കേസ് പരിഗണിച്ചത്. അതിനാല്‍ കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞ പ്രതിക്ക് ജയിലില്‍ പോകേണ്ടി വരില്ല. ഇത് ക്രിമിനല്‍ കേസായി പരിഗണിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഇല്ലെന്ന് നേരത്തെ Director of Public Prosecutions പറഞ്ഞതിനാലാണ്, ലൈംഗികമായി ഉപദ്രവിച്ചു എന്ന് കാട്ടി പരാതിക്കാരിക്ക് ഇത് സിവില്‍ കേസാക്കി സിവില്‍ കോടതിയില്‍ പോകേണ്ടിവന്നത്. Conor McGregor-ന് പുറമെ അന്നേ ദിവസം ഒപ്പമുണ്ടായിരുന്ന James Lawrence എന്നയാളും തന്നെ ലൈംഗികമായി ഉപദ്രവിച്ചു എന്ന് പരാതിക്കാരി കേസ് നല്‍കിയിരുന്നെങ്കിലും തെളിവില്ലാത്തതിനാല്‍ ഈ കേസ് തള്ളിപ്പോയിരുന്നു.