അയര്‍ലണ്ടില്‍ ബെര്‍ട്ട് കൊടുങ്കാറ്റിന്റെ ഭീഷണി തീരുന്നില്ല. കഴിഞ്ഞ ദിവസം വീശിയടിച്ച കാറ്റിനെത്തുടര്‍ന്ന് ആളപായമൊന്നും ഉണ്ടായില്ലെങ്കിലും വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ട് 60,000-ഓളം വീടുകള്‍ ഇരുട്ടിലായിരുന്നു. ഇതില്‍ ഭൂരിഭാഗം വീടുകളിലും ബന്ധം പുനഃസ്ഥാപിക്കാന്‍ സാധിച്ചിട്ടുണ്ട്. Donegal, Sligo, Mayo, Galway, Cavan, Monaghan, Kerry, Cork എന്നിവിടങ്ങളെയാണ് കൊടുങ്കാറ്റ് ഏറ്റവും മോശമായി ബാധിച്ചത്.
അതേസമയം ബെര്‍ട്ട് കൊടുങ്കാറ്റിന്റെ ഭീഷണി തുടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ കൗണ്ടികളില്‍ കാലാവസ്ഥാ വകുപ്പ് ഇന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. Leitrim, Mayo, Sligo എന്നീ കൗണ്ടികളില്‍ ഇന്ന് രാവിലെ 8 മണി മുതല്‍ നാളെ പുലര്‍ച്ചെ 2 മണി വരെ ഓറഞ്ച് വിന്‍ഡ് വാണിങ്ങാണ് നല്‍കിയിട്ടുള്ളത്.
ഇതിന് പുറമെ Clare, Kerry, Galway എന്നിവിടങ്ങളില്‍ ഇന്ന് വൈകിട്ട് 7 മണി വരെ യെല്ലോ വിന്‍ഡ് വാണിങ് ഉണ്ട്. ഡോണഗല്‍ കൗണ്ടിയില്‍ രാത്രി 8 മണി വരെയാണ് യെല്ലോ വാണിങ്.
രാജ്യത്തെ മറ്റ് പ്രദേശങ്ങളില്‍ വാണിങ് നല്‍കിയിട്ടില്ലെങ്കിലും എല്ലായിടത്തും കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പറഞ്ഞു.
ബെര്‍ട്ട് കൊടുങ്കാറ്റിനൊപ്പം ശക്തമായ മഴയും എത്തിയതോടെ രാജ്യത്ത് പലയിടത്തും വെള്ളപ്പൊക്കവുമുണ്ടായി. ഇതെ തുടര്‍ന്നുള്ള വൃത്തിയാക്കലുകളും പുരോഗമിക്കുകയാണ്. കൗണ്ടി ഡോണഗലിലെ Killybegs, കൗണ്ടി കെറിയിലെ Listowel എന്നിവിടങ്ങളിലാണ് രൂക്ഷമായ വെള്ളപ്പൊക്കമുണ്ടായത്. കോര്‍ക്കിലെ Fermoy Bridge പുഴയില്‍ വെള്ളം കയറിയത് കാരണം അടച്ചതായി കൗണ്‍സില്‍ അറിയിച്ചു.