അയര്‍ലണ്ടിലെ ആശുപത്രികളില്‍ ബെഡ്ഡ് ലഭിക്കാത്തത് കാരണം ട്രോളികള്‍, കസേരകള്‍ മുതലായ ഇടങ്ങളിലായി രോഗികള്‍ ചികിത്സ തേടുന്ന സാഹചര്യത്തിന് പരിഹാരം കാണാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണമെന്ന് The Irish Nurses and Midwives Organisation (INMO). തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം 4,862 രോഗികളാണ് ഇത്തരത്തില്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ബെഡ്ഡ് ലഭിക്കാതെ ചികിത്സ തേടിയതെന്നും, ഇന്ന് രാവിലെ മാത്രം 490 രോഗികളാണ് ഇത്തരത്തില്‍ ആശുപത്രികളിലുള്ളതെന്നും സംഘടന വ്യക്തമാക്കി.
ആശുപത്രികളിലെ ഈ സ്ഥിതി അവസാനമില്ലാതെ തുടരുകയാണെന്നും, തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയിരിക്കുന്ന സാഹചര്യത്തില്‍, ഈ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കാണുന്നതിന് എന്ത് ചെയ്യുമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തമാക്കണമെന്നും INMO ജനറല്‍ സെക്രട്ടറി Phil Ní Sheaghdha പറഞ്ഞു. ഒരു രോഗി ആറ് മണിക്കൂറിലധികം നേരം ട്രോളിയില്‍ കഴിയുകയാണെങ്കില്‍ അവരുടെ ആരോഗ്യത്തെ അത് ദീര്‍ഘകാലത്തേയ്ക്ക് മോശമായി ബാധിക്കുമെന്നും Ní Sheaghdha വ്യക്തമാക്കി. രാജ്യത്തെ നഴ്‌സുമാര്‍, മിഡ്‌വൈഫുമാര്‍ എന്നിവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം തന്നെ ആശുപത്രികളിലെ ഇന്‍ പേഷ്യന്റ് ബെഡ്ഡുകളുടെ എണ്ണം കൂട്ടണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും Patient Safety (Licensing) Bill പാസാക്കുന്നതിന് പ്രാമുഖ്യം നല്‍കണമെന്നും INMO ആവശ്യപ്പെട്ടു. ഇന്‍സ്‌പെക്ഷന്‍ നടത്തുന്ന സമയത്ത് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ആശുപത്രികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന് HIQA-യ്ക്ക് അധികാരം നല്‍കുന്ന നിയമമാണിത്.