അതിശക്തമായ മഞ്ഞുവീഴ്ച തുടരുന്നതിനിടെ വടക്കന്‍ അയര്‍ലണ്ടില്‍ ഐസ് നിറഞ്ഞ റോഡില്‍ നിന്നും തെന്നി കുട്ടികളുടെ സ്‌കൂള്‍ ബസ് അപകടത്തില്‍ പെട്ടു. Co Fermanagh-യിലെ Lisbellaw-യിലുള്ള Tattygare Road-ല്‍ വച്ച് ഇന്ന് രാവിലെയാണ് സ്‌കൂള്‍ കുട്ടികളുമായി പോകുകയായിരുന്ന ബസ് അപകടത്തില്‍ പെട്ടത്. കഠിനമായ തണുപ്പ് കാരണം റോഡില്‍ ഐസ് രൂപപ്പെട്ടതാണ് അപകടത്തിലേയ്ക്ക് നയിച്ചത്.
അതേസമയം സംഭവത്തില്‍ ആര്‍ക്കും കാര്യമായ പരിക്കില്ലെന്ന് നോര്‍ത്തേണ്‍ അയര്‍ലണ്ട് പൊലീസ് അറിയിച്ചു. റോഡില്‍ നിന്നും തെന്നിയ ബസ് സമീപത്തെ കിടങ്ങിലാണ് വീണത്. കുട്ടികളെ ഉടനെ തന്നെ ബസില്‍ നിന്നും പുറത്തെത്തിക്കാന്‍ സാധിച്ചതായും, രക്ഷിതാക്കളെ വിവരമറിയിച്ചതായും പോലീസ് പറഞ്ഞു.
മഞ്ഞുകാരണം റോഡില്‍ കാഴ്ച കുറയുകയും, റോഡില്‍ ഐസ് രൂപപ്പെടുകയും ചെയ്യുന്നതിനാല്‍ ഡ്രൈവര്‍മാര്‍ അതീവജാഗ്രതയോടെ വേഗം കുറച്ച് മാത്രം വാഹനമോടിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വടക്കന്‍ അയര്‍ലണ്ടിലെ Antrim, Armagh, Down, Tyrone, Derry എന്നീ കൗണ്ടികളിലും ഇന്ന് വൈകിട്ട് 4 മണി മുതല്‍ നാളെ രാവിലെ 10 വരെ യെല്ലോ ഐസ് വാണിങ് നല്‍കിയിട്ടുണ്ട്.