അതിശക്തമായ തണുപ്പിനെത്തുടര്‍ന്ന് Cavan, Donegal, Leitrim എന്നീ കൗണ്ടികളില്‍ യെല്ലോ സ്‌നോ ആന്‍ഡ് ഐസ് വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. ഇന്ന് (തിങ്കള്‍) വൈകിട്ട് 7 മണി മുതല്‍ നാളെ രാവിലെ 8 മണി വരെയാണ് മുന്നറിയിപ്പ്. രാത്രിയോടെ ഇവിടങ്ങളില്‍ മഞ്ഞുവീഴ്ചയുണ്ടാകുമെന്നും, റോഡില്‍ കാഴ്ച കുറയുമെന്നും അധികൃതര്‍ വ്യക്തമാക്കി.
രാജ്യത്ത് ഈയാഴ്ച പതിവിലുമധികം തണുപ്പ് അനുഭവപ്പെടുമെന്നും, മഞ്ഞുവീഴ്ചയ്‌ക്കൊപ്പം ഐസ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. താപനില പൂജ്യത്തിലും താഴുമെന്നും പ്രവചനമുണ്ടായിരുന്നു.
ഇന്ന് രാവിലെ Munster, Connacht, Leinster പ്രദേശങ്ങളില്‍ പെയ്ത മഴ ഉച്ചയ്ക്ക് ശേഷം Ulster പ്രദേശത്തേയ്ക്ക് വ്യാപിക്കുമെന്നും കാലാവസ്ഥാ വകുപ്പ് പറഞ്ഞു. വൈകുന്നേരത്തോടെ Ulster, north Connacht എന്നിവിടങ്ങളില്‍ ഐസ് രൂപപ്പെടും. പകല്‍ രാജ്യത്തിന്റെ വടക്കന്‍ പകുതിയില്‍ അന്തരീക്ഷ താപനില 3 മുതല്‍ 6 ഡിഗ്രി വരെ മാത്രമാണ് ഉയരുക. മറ്റിടങ്ങളില്‍ 7 മുതല്‍ 12 ഡിഗ്രി സെല്‍ഷ്യസ് വരെയും.
രാത്രിയിലും മഴയും, Ulster, north Connacht എന്നിവിടങ്ങളില്‍ ഐസ് രൂപപ്പെടുന്നതും തുടരും. 4 ഡിഗ്രി മുതല്‍ 0 ഡിഗ്രി വരെ താപനിവ താഴുകയും ചെയ്യും.
ചൊവ്വാഴ്ചയും തണുപ്പ് തുടരും. 3 മുതല്‍ 6 ഡിഗ്രി വരെയാകും പരമാവധി താപനില ഉയരുക. അതേസമയം Munster പ്രദേശത്ത് താപനില കുറച്ചുകൂടി ഉയര്‍ന്നേക്കും.
റോഡില്‍ ഐസ് രൂപപ്പെട്ടിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഡ്രൈവര്‍മാര്‍ വേഗത കുറയ്ക്കുക.