പുതിയ അഭിപ്രായ വോട്ടെടുപ്പിലും മുന്നിൽ Fine Gael; തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം ജീവിതച്ചെലവ് തന്നെയെന്ന് ഭൂരിപക്ഷം

പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുറത്തുവന്ന അഭിപ്രായസര്‍വേകളിലും രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള പാര്‍ട്ടിയായി Fine Gael. Irish Times/Ipsos B&A സര്‍വേയില്‍ 25% ജനങ്ങളുടെ പിന്തുണയാണ് സൈമണ്‍ ഹാരിസിന്റെ പാര്‍ട്ടിക്കുള്ളതെന്നാണ് വ്യക്തമായത്. അതേസമയം മറ്റൊരു ഭരണകക്ഷി പാര്‍ട്ടിയായ Fianna Fail-ന് 19% പേരുടെ പിന്തുണയാണുള്ളത്. പ്രധാന പ്രതിപക്ഷമായ Sinn Fein-നും 19% പേര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

സ്വതന്ത്രരായ രാഷ്ട്രീയക്കാര്‍ക്ക് പിന്തുണ വര്‍ദ്ധിക്കുന്നതായും സര്‍വേ പറയുന്നു. 20% പേരാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതായ പ്രതികരിച്ചിരിക്കുന്നത്. അയര്‍ലണ്ടിലെ പുതിയ പാര്‍ട്ടിയായ Independent Ireland-നെ പിന്തുണയ്ക്കുന്നവരും ഇതില്‍ പെടും.

ലേബര്‍ പാര്‍ട്ടി 5%, സോഷ്യല്‍ ഡെമോക്രാറ്റ്‌സ് 4%, ഗ്രീന്‍ പാര്‍ട്ടി 3%, Aontu 3%, People Before Profit Solidarity 2% എന്നിങ്ങനെയാണ് മറ്റ് പാര്‍ട്ടികളുടെ ജനപിന്തുണ.

രാജ്യത്തെ പ്രധാന രാഷ്ട്രീയ നേതാക്കള്‍ക്കുള്ള ജനപ്രീതി ഇപ്രകാരമാണ്:

സൈമണ്‍ ഹാരിസ് (Fine Gael)- 50%
മീഹോള്‍ മാര്‍ട്ടിന്‍ (Fianna Fail)- 45%
മേരി ലൂ മക്‌ഡൊണാള്‍ഡ് (Sinn Fein)- 31%
Roderic O’Gorman (Green Party)- 21%

ഇത്തവണ വോട്ട് രേഖപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് ഏത് വിഷയമാകും എന്ന ചോദ്യത്തിന് 30% പേരും പ്രതികരിച്ചത് ജീവിതച്ചെലവ് എന്നാണ്. 18% പേര്‍ ആരോഗ്യം എന്നും, 17% പേര്‍ ഭവനവില എന്നും, 9% പേര്‍ കുടിയേറ്റമെന്നും പ്രതികരിച്ചപ്പോള്‍, തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം സമ്പദ് വ്യവസ്ഥയാണെന്നാണ് 6% പേര്‍ പ്രതികരിച്ചത്.

നവംബര്‍ 12, 13 തീയതികളിലായി രാജ്യത്തെ എല്ലാ മണ്ഡലങ്ങളിലുള്ള 1,200 പേരെ പങ്കെടുപ്പിച്ചാണ് സര്‍വേ നടത്തിയത്.

Share this news

Leave a Reply

%d bloggers like this: