പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയിലും അയര്‍ലണ്ടിലെ ആശുപത്രികളില്‍ രോഗികളുടെ കാത്തിരിപ്പിന് പരിഹാരമാകുന്നില്ല. പ്രശ്‌നപരിഹാരത്തിനായി നഴ്‌സുമാരുടെ സംഘടനകളടക്കം നിരവധി പരാതികളും, നിവേദനങ്ങളും നല്‍കിയിട്ടും സ്ഥിതി മോശമായി തന്നെ തുടരുന്നതായാണ് Irish Nurses and Midwives Organisation (INMO)-ന്റെ ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.
കണക്കുകള്‍ പ്രകാരം കഴിഞ്ഞ ദിവസം രാജ്യത്ത് 448 രോഗികളാണ് വിവിധ ആശുപത്രികളിലായി ബെഡ്ഡ് ലഭിക്കാതെ ട്രോളികളില്‍ ചികിത്സ തേടിയത്. ഇതില്‍ 323 പേരും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലായിരുന്നു.
ഏറ്റവും കൂടുതല്‍ രോഗികള്‍ ട്രോളികളില്‍ ചികിത്സ തേടിയത് University Hospital Limerick-ലാണ്- 94. University Hospital Galway-യില്‍ 38 രോഗികളും, Cork University Hospital-ല്‍ 34 രോഗികളും ഇത്തരത്തില്‍ ട്രോളികളിലും മറ്റുമായി ചികിത്സ തേടി.
ശരിയായ സമയത്ത് ചികിത്സ ലഭിക്കാതെ രാജ്യത്തെ പല ആശുപത്രികളിലും രോഗികള്‍ മരിക്കുക വരെയുണ്ടായിട്ടും ഈ പ്രശ്‌നത്തിന് ഇതുവരെ പരിഹാരം കാണാന്‍ സര്‍ക്കാരിനോ, അധികൃതര്‍ക്കോ സാധിച്ചിട്ടില്ല. വരുന്ന വിന്റര്‍ സീസണില്‍ സ്ഥിതി ഇതിലും ഗുരുതരമായേക്കുമെന്ന് INMO നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.