പൊതുതെരഞ്ഞെടുപ്പ്: അയർലണ്ട് നേരിടുന്ന പ്രധാന പ്രശ്നങ്ങൾ എന്തൊക്കെ?

ഈ വരുന്ന നവംബര്‍ 29-ന് അയര്‍ലണ്ടില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. കാലങ്ങളായി തുടരുന്ന ഭവനപ്രതിസന്ധി, ജീവിതച്ചെലവ് വര്‍ദ്ധന, അനധികൃത കുടിയേറ്റം എന്നിങ്ങനെ അനവധി പ്രശ്‌നങ്ങളെ അഭിമുഖീരപിച്ചുകൊണ്ടാണ് രാഷ്ട്രീയപാര്‍ട്ടികള്‍ ഇത്തവണ അയര്‍ലണ്ടുകാര്‍ക്ക് മുമ്പില്‍ വോട്ടഭ്യര്‍ത്ഥിക്കുന്നത്. രാജ്യം നിലവില്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലേയ്ക്ക് ഇതാ ഒരു എത്തിനോട്ടം.

ഹൗസിങ്

വര്‍ഷങ്ങളോളമായി തുടരുന്ന ഭവനപ്രതിസന്ധി തന്നെയാണ് ഇത്തവണയും രാജ്യത്തെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്ന പ്രധാന പ്രശ്‌നം. വീടുകള്‍ വാങ്ങുന്ന കാര്യത്തിലായാലും, വാടകയ്ക്ക് ലഭിക്കുന്ന കാര്യത്തിലായാലും ദൗര്‍ലഭ്യത തുടരുകയാണ്. നിലവില്‍ ഭരണമവസാനിപ്പിച്ച സര്‍ക്കാര്‍ അടക്കം പ്രശ്‌നപരിഹാരത്തിന് ഒട്ടനവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നെങ്കിലും, ഒന്നിനും പൂര്‍ണ്ണപരിഹാരം കാണാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, നിലവിലെ സ്ഥിതി ഏറെ വഷളായിരിക്കുകയുമാണ്.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഒരു വര്‍ഷത്തിനിടെ വാടകവീടുകളുടെ നിരക്ക് വര്‍ദ്ധിച്ചത് 7 ശതമാനത്തില്‍ അധികമാണ്. നവംബര്‍ 1-ലെ കണക്കനുസരിച്ച് രാജ്യത്താകമാനമുള്ള വാടകവീടുകള്‍ വെറും 2,400 എണ്ണമായി കുറഞ്ഞുവെന്നും, ശരാശരി വാടക നിരക്ക് മാസം 1,955 യൂറോ ആയി ഉയര്‍ന്നു എന്നും പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ Daft.ie-യുടെ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

മറുവശത്ത് വീടുകള്‍ വാങ്ങുന്നവരുടെ കാര്യവും കഷ്ടത്തിലാണ്. Myhome.ie-യുടെ ഒക്ടോബര്‍ മാസത്തെ കണക്ക് പ്രകാരം രാജ്യത്ത് ഒരു വീട് വാങ്ങാന്‍ മുടക്കേണ്ടത് ശരാശരി 365,000 യൂറോയാണ്. 7.5% ആണ് ഒരു വര്‍ഷത്തിനിടെയുള്ള വര്‍ദ്ധന. ഡബ്ലിനിലാണെങ്കില്‍ ശരാശരി 455,000 യൂറോയാണ് നല്‍കേണ്ടത്.

വീടുകളുടെ ലഭ്യതക്കുറവ് തന്നെയാണ് വില തുടര്‍ച്ചയായി ഉയരാന്‍ കാരണമെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ അധികൃതര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. വര്‍ഷം 33,000 വീടുകള്‍ എന്നതായിരുന്നു നിലവിലെ സര്‍ക്കാരിന്റെ ലക്ഷ്യമെങ്കിലും 50,000-ഓളം വീടുകള്‍ ഓരോ വര്‍ഷവും നിര്‍മ്മിക്കപ്പെട്ടാല്‍ മാത്രമേ ഇപ്പോഴത്തെ പ്രശ്‌നത്തിന് പരിഹാരം കാണാനാകൂ എന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിനെല്ലാം പുറമെയാണ് രാജ്യത്തെ ഭവനരഹിതരുടെ എണ്ണം ഈയിടെ റെക്കോര്‍ഡായ 14,760-ല്‍ എത്തി എന്ന റിപ്പോര്‍ട്ട്.

കുടിയേറ്റം

ഉക്രെയിനിലെ റഷ്യന്‍ അധിനിവേശത്തിന് പിന്നാലെ അയര്‍ലണ്ടിലേയ്ക്ക് ഉക്രെയിന്‍ അഭയാര്‍ത്ഥികള്‍ കൂടുതലായി എത്തിയത് ഒരു വിഭാഗം ജനങ്ങള്‍ക്കിടയില്‍ മുഷിപ്പിന് കാരണമായിട്ടുണ്ട്. ഉക്രെയിന് പുറമെ മറ്റ് രാജ്യങ്ങളില്‍ നിന്നും കുടിയേറ്റവും വര്‍ദ്ധിച്ചതിന് പിന്നാലെ, രാജ്യത്ത് കുടിയേറ്റവിരുദ്ധ പ്രതിഷേധങ്ങളും, ഗാര്‍ഡയുമായുള്ള സംഘര്‍ഷവും വര്‍ദ്ധിച്ചിരിക്കുകയാണ്. അഭയാര്‍ത്ഥികളെ താമസിപ്പിക്കാന്‍ തങ്ങളുടെ പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ ഉപയോഗിക്കുന്നതിനെതികെ വിവിധ പ്രദേശങ്ങളിലെ ജനങ്ങള്‍ കൂട്ടായ പ്രതിഷേധങ്ങളിലും ഏര്‍പ്പെട്ടിരുന്നു.

കുടിയേറ്റക്കാര്‍ കൂടുതലായി എത്തിയതോടെ അവരെ താമസിപ്പിക്കുക എന്ന വെല്ലുവിളിയും സര്‍ക്കാരിന് മുന്നിലുണ്ട്.

ആരോഗ്യമേഖല

ഹൗസിങ് പോലെ തന്നെ രാജ്യത്ത് വര്‍ഷങ്ങളായി പരിഹാരമില്ലാതെ നീളുന്ന പ്രശ്‌നമാണ് ആരോഗ്യരംഗത്തെ ജീവനക്കാരുടെ എണ്ണക്കുറവ്. ആശുപത്രികളിലും മറ്റും ആവശ്യത്തിന് നഴ്‌സുമാര്‍ അടക്കമുള്ള ജീവനക്കാര്‍ ഇല്ലാത്തത് രോഗികളുടെ മരണത്തിന് വരെ കാരണമാകുന്ന നിരവധി സംഭവങ്ങളാണ് ഈയിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിനിടെ HSE റിക്രൂട്ട്‌മെന്റ് മരവിപ്പിച്ചത് പ്രശ്‌നം കൂടുതല്‍ വഷളാക്കിയതായി വിവിധ തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നു. INMO-യുടെ നേതൃത്വത്തില്‍ രാജ്യത്തെ നഴ്‌സുമാര്‍ സമരത്തിനും ആലോചിച്ചിരുന്നു.

ചൈല്‍ഡ് കെയര്‍

രാജ്യത്ത് കുട്ടികളെ പരിപാലിക്കുന്നതിനുള്ള ചെലവ് വര്‍ദ്ധിച്ചത് മറ്റൊരു പ്രശ്‌നമായി നിലനില്‍ക്കുന്നു. ക്രെഷുകളില്‍ വെയ്റ്റിങ് ലിസ്റ്റ് നീളുന്നതായി രക്ഷിതാക്കള്‍ പരാതി പറയുമ്പോള്‍, നടത്തിപ്പ് ചെലവ് വര്‍ദ്ധിച്ചതായും, ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ബുദ്ധിമുട്ടുന്നതായുമാണ് ക്രെഷുകള്‍ പറയുന്നത്. ഇതിന് പുറമെ ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ സീറ്റുകള്‍ ലഭിക്കാത്തതും പ്രശ്‌നമാണ്.

ഹോസ്പിറ്റാലിറ്റി മേഖല

രാജ്യത്ത് കോവിഡ് വളരെ മോശമായി ബാധിച്ച മേഖലകളിലൊന്നാണ് റസ്റ്ററന്റുകളും മറ്റുമടങ്ങുന്ന ഹോസ്പിറ്റാലിറ്റി. ഈയിടെയായി രാജ്യത്തെ പല പ്രമുഖ റസ്റ്ററന്റുകളും, കഫേകളുമടക്കം നടത്തിപ്പ് ചെലവ് താങ്ങാനാകാതെ അടച്ചുപൂട്ടിയിരുന്നു. അതിന് അവര്‍ പറയുന്ന പ്രധാന കാരണങ്ങളിലൊന്ന് നിലവിലെ ഉയര്‍ന്ന വാല്യൂ ആഡഡ് ടാക്‌സ് (VAT) ആണ്. ഹോസ്പിറ്റാലിറ്റി മേഖലയില്‍ നിലവിലെ ടാക്‌സ് 13.5% ആണ്. നേരത്തെ ഇത് 9% ആയിരുന്നു. ടാക്‌സ് കുറച്ച് പഴയ 9% ആക്കണമെന്ന് മേഖലയിലുള്ളവര്‍ ഏറെക്കാലമായി ആവശ്യപ്പെടുന്നതാണെങ്കിലും, സര്‍ക്കാര്‍ അനുകൂലനടപടി കൈക്കൊണ്ടിട്ടില്ല.

മറ്റ് പ്രശ്‌നങ്ങള്‍

മേല്‍ പറഞ്ഞ പ്രശ്‌നങ്ങള്‍ക്ക് പുറമെ പൊതുവില്‍ അയര്‍ലണ്ട് അടക്കമുള്ള രാജ്യങ്ങള്‍ ജീവിതച്ചെലവ് വര്‍ദ്ധന കാരണം ബുദ്ധിമുട്ടുകയാണ്. സര്‍ക്കാര്‍ പലതരം സഹായങ്ങള്‍ ഇതിനിടെ നല്‍കിയെങ്കിലും റിപ്പോര്‍ട്ടുകള്‍ പ്രകാരം യൂറോപ്യന്‍ യൂണിയനില്‍ ജീവിക്കാന്‍ ഏറ്റവും ചെലവേറിയ രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് അയര്‍ലണ്ട്. ഡെന്മാര്‍ക്ക് മാത്രമാണ് പട്ടികയില്‍ മുന്നില്‍.

രാജ്യത്തെ റോഡ് സുരക്ഷയാണ് മറ്റൊരു പ്രശ്‌നം. അയര്‍ലണ്ടില്‍ ഈയിടെയായി റോഡപകട മരണങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. പിന്നാലെ അമിതവേഗക്കാരെ പിടികൂടാനും, ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ പിടിക്കാനുമെല്ലാമായി ഗാര്‍ഡയും അധികൃതരും കര്‍ശന ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.

ഗാര്‍ഡ സേനയുടെ എണ്ണക്കുറവും, രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അക്രമസംഭവങ്ങളും വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പലവട്ടം റിക്രൂട്ട്‌മെന്റുകള്‍ നടത്തിയിട്ടും രാജ്യത്തെ വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയ്ക്ക് ഉതകുന്ന തരത്തില്‍ ഗാര്‍ഡ അംഗങ്ങളുടെ എണ്ണം കൂട്ടി, സേനയെ ശക്തിപ്പെടുത്താന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ഗാര്‍ഡയുടെ സാന്നിദ്ധ്യം കുറയുന്നതാണ് ഡബ്ലിന്‍ അടക്കമുള്ള ഇടങ്ങളില്‍ അക്രമസംഭവങ്ങള്‍, മോഷണങ്ങള്‍ എന്നിവയെല്ലാം വര്‍ദ്ധിക്കാന്‍ കാരണമെന്ന് ശക്തമായ വിമര്‍ശനവും നിലനില്‍ക്കുന്നു.

Share this news

Leave a Reply

%d bloggers like this: