വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് ഐറിഷ് ക്രിമിനല്‍ സംഘത്തലവനായ ജെറി ‘ദി മങ്ക്’ ഹച്ച്. തെരഞ്ഞെടുപ്പില്‍ ഹച്ച് സ്വതന്ത്രനായി ജനവിധി തേടുമെന്ന് ഏതാനും ദിവസങ്ങളായി ഊഹാപോഹങ്ങളുണ്ടായിരുന്നു. അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം സ്‌പെയിനില്‍ അറസ്റ്റിലായതിന് ശേഷം മോചിതനായ ഹച്ച്, തിങ്കളാഴ്ച തിരികെ അയര്‍ലണ്ടിലെത്തിയപ്പോഴായിരുന്നു പ്രഖ്യാപനം.
അയര്‍ലണ്ടിലെ പല വമ്പന്‍ കൊള്ളകള്‍ക്കും പിന്നില്‍ ഹച്ചും സംഘവുമാണെന്നാണ് ഗാര്‍ഡയുടെ നിഗമനം. ഇതിന് പുറമെ ഹച്ചും, എതിരാളികളായ കിനഹാന്‍ ഗ്യാങ്ങും തമ്മിലുള്ള പകയും കുപ്രസിദ്ധി നേടിയിട്ടുണ്ട്. കിനഹാന്‍ സംഘത്തിലെ ഡേവിഡ് ബൈറണ്‍ എന്ന 33-കാരനെ ഡബ്ലിന്‍ റീജന്‍സി ഹോട്ടലില്‍ വച്ച് വെടിവച്ചുകൊന്ന സംഭവത്തില്‍ കഴിഞ്ഞ വര്‍ഷം കോടതി ജെറി ഹച്ചിനെ കുറ്റവിമുക്തനാക്കിയിരുന്നു. കൊലപാതകത്തിന് ഗൂഢാലോചന നടത്തി എന്നതായിരുന്നു കേസെങ്കിലും ഇതില്‍ തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിക്കാതെ വന്നതോടെ ഹച്ച് ശിക്ഷയില്‍ നിന്നും ഒഴിവാകുകയായിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം അയര്‍ലണ്ടില്‍ തിരികെയെത്തിയ ഹച്ചിനോട് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന് റിപ്പോര്‍ട്ടര്‍മാര്‍ ചോദിച്ചപ്പോഴാണ് ‘നൂറുശതമാനവും’ എന്ന് 61-കാരനായ ഹച്ച് മറുപടി നല്‍കിയത്. സ്‌പെയിനിലെ കേസ് ഡബ്ലിനിലെ ജനങ്ങളെ സേവിക്കുന്നതിന് തടസമാകില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതിന്റെ കാരണവും, നയങ്ങളും സംബന്ധിച്ച ചോദ്യത്തിന് അത് പറയാനുള്ള സ്ഥലം ഇതല്ലെന്നാണ് ഹച്ച് പ്രതികരിച്ചത്. ആരുടെ സീറ്റിനാവും ഹച്ചിന്റെ സ്ഥാനാര്‍ത്ഥിത്വം ഭീഷണിയാകുക എന്ന ചോദ്യത്തിന്, അറിയില്ലെന്നും, ആരുടെതായാലും കുഴപ്പമില്ല എന്നുമായിരുന്നു മറുപടി.
നിലവില്‍ Fine Gael-ന്റെ പാസ്‌കല്‍ ഡോണഹോയും, Sinn Fein-ന്റെ മേരി ലൂ മക്‌ഡൊണാള്‍ഡും ടിഡിമാരായ ഡബ്ലിന്‍ സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്നുമാണ് ഹച്ചും ജനവിധി തേടുകയെന്നാണ് പ്രതീക്ഷ. ഗ്രീന്‍ പാര്‍ട്ടിയുടെ Neasa Hourigan, സോഷ്യല്‍ ഡെമോക്രാറ്റ്‌സിന്റെ Gary Gannon എന്നിവരും ഇവിടെ നിന്നുള്ള ടിഡിമാരാണ്.