ക്ലോൺമെൽ: ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ 10-ന് ക്ലോൺമെലിലെ ഹിൽവ്യൂ സ്പോർട്സ് ക്ലബ്ബിൽ ഇന്ത്യൻ തനതു രീതികൾ പ്രകാരം ക്രിസ്മസ് കേക്ക് മിക്‌സിംഗ് ചടങ്ങ് നടന്നത് ഐറിഷ് ചരിത്രത്തിലെ ആദ്യത്തെ സംഭവമായി. ക്ലോൺമെൽ മേയർ മൈക്കിൾ മർഫി മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ അയർലണ്ടിലെ ഗാർഡ പ്രതിനിധിയും ഇന്ത്യൻ കമ്യൂണിറ്റിയിലെ മറ്റ് പ്രധാന പ്രതിനിധികളും ഉൾപ്പടെ നിരവധി ആളുകൾ പങ്കെടുക്കുകയും, ഐറിഷ് സമൂഹവുമായി സാംസ്കാരിക-സൗഹൃദ ബന്ധം വളർത്തുന്നതിൽ പങ്കാളികൾ ആകുകയും ചെയ്തു. മുഖ്യ കാർമികത്വം വഹിച്ച മേയർ, ചടങ്ങിന് ആശംസകൾ അർപ്പിക്കുകയും, ഇത് അയർലണ്ടിന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ കേക്ക് മിക്സിങ് സെറമണി ആണെന്ന് അഭിപ്രായപെടുകയും ചെയ്തു.





ഇന്ത്യൻ ഓഷ്യൻ റെസ്റ്റോറന്റ് ക്ലോൺമെലിന്റെ സ്പോൺസർഷിപ്പിലും മേൽനോട്ടത്തിലും നടത്തപെട്ട പരിപാടിയിൽ, കമ്മ്യൂണിറ്റി പ്രസിഡന്റ് അജിത്ത്, ഷെഫ് മിഥുൻ ഷെഫ് തോമസ്, ഷെഫ് റോണി എന്നിവർ ചേർന്ന് തയ്യാറാക്കിയ
കേക്ക്, പ്രധാന അതിഥികൾ ചേർന്നാണ് മിക്‌സ് ചെയ്തത്. ഇത് രണ്ട് സംസ്കാരങ്ങൾ തമ്മിലുള്ള ഐക്യം, പരസ്പര ബന്ധം എന്നിവയെ മുൻനിർത്തി കമ്മ്യൂണിറ്റി സംഘടിപ്പിച്ച സമാനതകളില്ലാത്ത ഒരു അനുഭവമായിരുന്നു. ഇത്തരത്തിലുള്ള പരിപാടികൾ തുടര്‍ന്നും സംഘടിപ്പിച്ച് ഇന്ത്യൻ-ഐറിഷ് ബന്ധങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കമ്മ്യൂണിറ്റി അംഗങ്ങൾ പ്രഖ്യാപിച്ചു.