വാട്ടർഫോർഡ് : കാൽപന്ത്കളി പ്രേമികൾക്ക് കളിയാരാവത്തിൻ്റെ ഒരു ദിനം സമ്മാനിച്ചുകൊണ്ട് വാട്ടർഫോർഡ് ടൈഗേഴ്സ് സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ മേള സമാപിച്ചു. അയർലണ്ടിലെ ഫുട്ബോൾ പ്രേമികളും ടീമുകളും ആവേശത്തോടെ കാത്തിരിക്കുന്ന മത്സരമാണ് വാട്ടർഫോർഡ് ടൈഗേഴ്സ് സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ മേള . മേളയുടെ ആറാമത് സീസൺ ബാലിഗണർ GAA ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ പകലും രാത്രിയുമായി നടന്നു. അണ്ടർ 30 , 30 പ്ലസ് എന്നീ വിഭാഗങ്ങളിലായി അയർലണ്ടിലെ പ്രമുഖരായ 18 ടീമുകൾ പങ്കെടുത്ത മത്സരം അത്യന്തം വാശിയേറിയതായിരുന്നു.
30 പ്ലസ് കാറ്റഗറിയിൽ ഐറീഷ് ബ്ലാസ്റ്റേഴ്‌സ് ചാമ്പ്യൻ പട്ടം അണിഞ്ഞപ്പോൾ അണ്ടർ 30 വിഭാഗത്തിൽ ഡബ്ലിൻ യുണൈറ്റഡ് കിരീടം ചൂടി. ഐറിഷ് ടസ്ക്കേഴ്സ് 30 പ്ലസ് വിഭാഗത്തിൽ റണ്ണർ അപ്പ് ആയപ്പോൾ ആതിഥേയരായ വാട്ടർഫോർഡ് ടൈഗർസ് അണ്ടർ 30 വിഭാഗത്തിൽ റണ്ണർ അപ്പ് ആയി. വാട്ടർഫോർഡ് കൗണ്ടി മേയർ കൗൺസിലർ ജയ്സൺ മർഫി ഫുട്ബോൾ മേള ഉദ്ഘാടനം ചെയ്തു. സ്പോർട്സ് മേഖലയിലെ പ്രവർത്തനങ്ങൾക്ക് എപ്പോഴും ഒരു പടി മുന്നിൽ നിൽക്കുന്ന ടൈഗേഴ്സിനെ അദ്ദേഹം അഭിനന്ദിച്ചു. സ്പോർട്സ് മേഖലയിൽപ്രതിഭ തെളിയിച്ച ഷോൺ തമ്പി, ആന്യാ നായർ എന്നിവർക്ക് മേയർ പുരസ്കാരം നൽകി അനുമോദിച്ചു.
അണ്ടർ 30 വിഭാഗത്തിൽ ഡബ്ലിൻ യുണൈറ്റഡിന്റെ ജാസിം മികച്ച കളിക്കാരനായും അനിരുദ്ധ് മികച്ച ഗോൾകീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു. 30 പ്ലസ് വിഭാഗത്തിൽഐറിഷ് ടസ്ക്കേഴ്സിൻ്റെ പ്രണവ് മികച്ച കളിക്കാരനായും, ഐറിഷ് ബ്ലാസ്റ്റേഴ്സിന്റെ ഫെബിൻ ജോസഫ് മികച്ച ഗോൾ കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു.
രുചി വൈവിധ്യങ്ങൾ കൊണ്ട് നിറഞ്ഞ ഭക്ഷണ കൗണ്ടറുകൾ കൊണ്ടും, നിറഞ്ഞ കാണികളുടെ സാന്നിധ്യം മൂലവും, സംഘാടന മികവിനാലും വാട്ടർഫോർഡ് ടൈഗേഴ്സിന്റെ ആറാമത് സെവൻസ് മേള അയർലണ്ടിൽ ശ്രദ്ധ ആകർഷിച്ചു. മേള വിജയമാക്കിയ എല്ലാ ഫുട്ബോൾ പ്രേമികളോടും വാട്ടർഫോർഡ് ടൈഗേഴ്സിന്റെ കമ്മറ്റി നന്ദി അറിയിച്ചു.